ബംഗലൂരു: മൈസൂരു കൂട്ടബലാത്സംഗക്കേസില്‍ അറസ്റ്റിലായ പ്രതികളെ പെൺകുട്ടി തിരിച്ചറിഞ്ഞു. പ്രതികളെ ഇന്ന് ചാമുണ്ഡി ഹിൽസിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും. പ്രായപൂര്‍ത്തിയാകാത്ത ഒരാളടക്കം അഞ്ച് തമിഴ്‌നാട് സ്വദേശികളാണ് കേസിൽ അറസ്റ്റിലായത്.
ഒളിവില്‍ പോയ തിരുപ്പൂര്‍ സ്വദേശിക്കായി തെരച്ചില്‍ തുടരുകയാണ്. ചികിത്സയിലുള്ള പെണ്‍കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെടുന്നുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ചൊവ്വാഴ്ച രാത്രി 7.30 ഓടെയാണ് സഹപാഠിയെ ആക്രമിച്ചശേഷം ഉത്തരേന്ത്യൻ സ്വദേശിനിയായ 22 വയസ്സുകാരിയെ സംഘം ക്രൂര ബലാത്സംഗത്തിനിരയാക്കിയത്. സ്ഥിരമായി ജോഗിങ്ങിന് പോകുന്ന സ്ഥലത്താണ് സംഭവം നടന്നതെന്നും 25 വയസ്സിനും 30വയസ്സിനും ഇടയിലുള്ളവരാണ് പ്രതികളെന്നുമാണ് പെൺകുട്ടിയുടെ സുഹൃത്തായ യുവാവ് മൊഴി നൽകിയിരുന്നത്. ബലാത്സംഗത്തിന്റെ ദൃശ്യങ്ങൾ പകർത്തിയശേഷം യുവാവിന്റെ ഫോണിൽനിന്നും പിതാവിനെ വിളിച്ച് പ്രതികൾ മൂന്നു ലക്ഷം രൂപയും ആവശ്യപ്പെട്ടു.







