തിരൂര്‍: ഡയാലിസിസ് രോഗികളോടുള്ള ക്രൂരതയില്‍ പരാതി നല്‍കിയിട്ടും അധികൃതര്‍ മൗനം പാലിക്കുന്നതായി ആക്ഷേപം. തിരൂരിലെ ജില്ല ആശുപത്രിയില്‍ ഡയാലിസിസ് ചെയ്യുന്നവര്‍ക്കുള്ള കുത്തിവെപ്പും മരുന്നും സൗജന്യമായി നല്‍കാതെ പണം ആവശ്യപ്പെട്ടതിനെതിരെ അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായിട്ടില്ല. ഡയാലിസിസ് രോഗികള്‍ക്ക് നല്കുന്ന കുത്തിവെപ്പിന് 200 രൂപ വരെ ഈടാക്കിയതായി രോഗികള്‍ പറയുന്നു.
രോഗികളോട് മോശമായി പെരുമാറുന്നതായും പരാതിയുണ്ട്. ഒരുമാസം മുമ്പാണ് 25ലധികം രോഗികള്‍ ഒപ്പിട്ട പരാതി ബന്ധപ്പെട്ടവര്‍ക്ക് നല്‍കിയത്. ഡയാലിസിസ് രോഗികള്‍ക്ക് ജില്ല ആശുപത്രിയില്‍ ചികിത്സാനുമതി നല്‍കിയത് എവിടെയുമില്ലാത്ത മാനദണ്ഡങ്ങള്‍ വെച്ചാണ്.
സൗജന്യമായി ലഭിക്കുന്ന എരിത്രോപോയിറ്റിന്‍ കുത്തിവെപ്പ് ഉള്‍പ്പെടെയുള്ളവക്ക് രേഖകളൊന്നുമില്ലാതെ തുക ഈടാക്കിയതായും ആക്ഷേപമുണ്ട്. മരുന്നുകളുടെ സൂക്ഷിപ്പിന് സ്റ്റോര്‍ സൗകര്യം പോലുമില്ലാത്ത അവസ്ഥയാണ്. 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിയില്‍ മുഴുവന്‍ സമയവും കാഷ് കൗണ്ടര്‍ പ്രവര്‍ത്തിക്കാത്തതും ആക്ഷേപത്തിനിടയാക്കുന്നുണ്ട്.
എന്‍.എസ് ഉപയോഗിക്കേണ്ടിടത്ത് ഡി.എന്‍.എസ് ഉപയോഗിച്ച് ഡയാലിസിസ് ചെയ്ത സംഭവം വരെ ഉണ്ടായിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട പരാതി കാര്യമായി അന്വേഷിക്കാതെ മറച്ചുവെക്കുകയായിരുന്നു.
Discussion about this post