കൊച്ചി: ചന്ദ്രികാ ദിനപത്രവുമായി ബന്ധപ്പെട്ട് മുന്‍മന്ത്രി ഇബ്രാഹീംകുഞ്ഞ് 10 കോടി രൂപ കളളപ്പണം വെളുപ്പിച്ചു എന്ന കേസില്‍ തെളിവ് നല്കാന് കെ.ടി ജലീല്‍ കൊച്ചിയിലെ എന്‍ഫോഴ്സ്മെന്റ് ഓഫീസിലെത്തി. ഇബ്രാഹീംകുഞ്ഞിന് പുറമേ അന്ന് മന്ത്രിയായിരുന്ന പി.കെ കുഞ്ഞാലിക്കുട്ടിയ്ക്കും തട്ടിപ്പില്‍ പങ്കുണ്ടെന്ന് കെ.ടി ജലീല്‍ ആരോപിച്ചിരുന്നു. നോട്ട് നിരോധന സമയത്താണ് 10 കോടി രൂപ ഇങ്ങനെ വെളുപ്പിച്ചതെന്നാണ് ആരോപണം.
കേസില്‍ കഴിഞ്ഞ ദിവസം കുഞ്ഞാലിക്കുട്ടിക്കെതിരെ മൊഴി നല്കാന് ജലീല്‍ ഇ.ഡി ഓഫീസിലെത്തിയിരുന്നു. ഇന്ന് തെളിവുകളടങ്ങിയ രേഖകള്‍ സമര്‍പ്പിക്കുമെന്നാണ് സൂചനകള്‍. ഇക്കാര്യങ്ങള്‍ താന്‍ മടങ്ങിവന്ന ശേഷം വ്യക്തമാക്കുമെന്ന് ജലീല്‍ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.
അതേസമയം രാവിലെ മുഖ്യമന്ത്രി പിണറായി വിജയനുമായി ജലീല്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. സഹകരണ ബാങ്കില്‍ ഇ.ഡി അന്വേഷണം എന്നത് പാര്‍ട്ടി നിലപാടിന് വിരുദ്ധമാണെന്ന് മുഖ്യമന്ത്രി ജലീലിനോട് പറഞ്ഞു. പ്രസ്താവനകള്‍ നടത്തുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്നും ജലീലിനോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
സാമ്പത്തിക തട്ടിപ്പുകള്‍ക്കെതിരെ ശക്തമായ നടപടിയെടുത്ത സര്‍ക്കാരാണ് പിണറായി വിജയന് സര്‍ക്കാരെന്ന് മുന്‍പ് ജലീല്‍ പറഞ്ഞിരുന്നു. എ.ആര് നഗര്‍ പൂരം വെടിക്കെട്ട് അധികം വൈകാതെ കാണാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
Discussion about this post