ലഖ്നോ: തലക്ക് ഒരു ലക്ഷം രൂപ വിലയിട്ടിരുന്ന കൊടുംകുറ്റവാളിയെ എന്‍കൗണ്ടറില്‍ വെടിവെച്ചു കൊന്ന് ഉത്തര്‍ പ്രദേശ് പൊലീസ്. 17കാരിയായ കാജളിനെ വെടിവെച്ചു കൊന്നതടക്കം നിരവധി കേസുകളില്‍ പ്രതിയായ വിജയ് പ്രജാപതി ആണ് ഗൊരഖ്പുരില് കൊല്ലപ്പെട്ടത്.
ഗഗഹ പൊലീസുമായി സോന്‍ബര്‍സ പ്രദേശത്ത് നടന്ന ഏറ്റുമുട്ടലിനിടെയാണ് ഇയാള്‍ കൊല്ലപ്പെട്ടത്. കീഴടങ്ങാന്‍ ആവശ്യപ്പെട്ട പൊലീസിന് നേരെ വിജയ് വെടിയുതിര്‍ത്തെന്നും ഇതിനു പിന്നാലെ നടന്ന ഏറ്റുമുട്ടലിലാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്നും പൊലീസ് പറയുന്നു. ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്നയാള്‍ ഇരുളിന്‍റെ മറവില്‍ ഓടിരക്ഷപ്പെട്ടു. കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, കൊള്ളയടി തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ് വിജയ് പ്രജാപതി. ഇയാള്‍ സഞ്ചരിച്ച ബൈക്കും പിസ്റ്റളും പൊലീസ് പിടിച്ചെടുത്തു. വിവിധ റാങ്കുകളിലുള്ള പൊലീസ്, സി.ബി.ഐ ഉദ്യോഗസ്ഥരുടെ വ്യാജ ഐ.ഡി കാര്‍ഡും ഇയാളില്‍ നിന്ന് കണ്ടെടുത്തു.
കഴിഞ്ഞ മാസം 20നാണ് കാജള്‍ എന്ന 17കാരിയെ വിജയ് വെടിവച്ചു കൊന്നത്. പെണ്‍കുട്ടിയുടെ പിതാവുമായി ഉണ്ടായ തര്‍ക്കത്തിനിടയിലായിരുന്നു ഇത്. പിതാവിനെ വിജയ് മര്‍ദിക്കുന്നത് മൊബൈൽ ഫോണില്‍ റെക്കോര്‍ഡ് ചെയ്യുന്നതിനിടയില്‍ കാജളിന് വെടിയേല്‍ക്കുകയായിരുന്നു. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കാജള്‍ അഞ്ച് ദിവസത്തിനു ശേഷം മരിച്ചു. സംഭവത്തിനുശേഷം മുങ്ങിയ വിജയ്ക്കായി വ്യാപക തിരച്ചില്‍ നടക്കുന്നതിനിടയിലാണ് പൊലീസ് ഇയാളെ കണ്ടെത്തുന്നതും എന്‍കൗണ്ടറില്‍ വധിക്കുന്നതും.
Discussion about this post