പാലക്കാട് : പശ്ചിമബംഗാള്‍ സ്വദേശികളായ രണ്ടു അതിഥി തൊഴിലാളികള്‍ കിണറ്റില്‍ വീണ് മരിച്ചു. കെട്ടിട നിര്‍മ്മാണത്തിനിടെ പലക പൊട്ടി കിണറ്റിലേക്ക് വീണായിരുന്നു അപകടം. പാലക്കാട് ശ്രീകൃഷ്ണപുരത്താണ് സംഭവം.
വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടം ഉണ്ടായത്. നിര്‍മ്മാണ ജോലി നടക്കുന്നതിനിടെ തട്ടിന്‍റെ പലക തകരുകയായിരുന്നു. പലക തകര്‍ന്ന് സമീപത്തുണ്ടായിരുന്ന കിണറ്റിലേക്കാണ് ഇരുവരും വന്ന് വീണത്. 20 അടിയോളം ഉയരമുള്ള കെട്ടിടത്തിന് മുകളില്‍ നിന്നാണ് ഇരുവരും കിണറിലേക്ക് പതിച്ചത്. ഫയർ ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് ഇവരുവരെയും പുറത്തെത്തിച്ചു. തുടര്‍ന്ന്, ഇവരെ ഉടൻ മണ്ണാര്‍ക്കാട് താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.
മരിച്ച ഷമൽ ബര്‍മൻ ബെഹാര്‍ സ്വദേശിയും നിധു ബിശ്വാസും ഗോപാൽ നഗർ സ്വദേശിയുമാണ്. ഇരുവരുടെയും മൃതദേഹം മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ നാളെ ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് അധികൃതര്‍ അറിയിച്ചു.










