കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസൺ മാവുങ്കലിനെതിരെ പോക്സോ കേസ്. വീട്ടിൽ ജോലിക്ക് നിൽക്കുമ്പോൾ തുടർവിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് മോൻസൺ പീഡിപ്പിച്ചെന്ന് യുവതി പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ എറണാകുളം നോർത്ത് പൊലീസ് മോൻസണെതിരെ കേസെടുത്തു.
പീഡനം നടന്ന സമയത്ത് പെൺകുട്ടിക്ക് പ്രായപൂർത്തിയായിരുന്നില്ല. അതിനാലാണ് പോക്സോ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഈ കേസിൽ മോൻസണിന്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നാണ് വിവരം.
ഇതുവരെ മോൻസണിനെതിരെ തട്ടിപ്പ് കേസുകൾ മാത്രമാണ് രജിസ്റ്റർ ചെയ്തിരുന്നത്. ആദ്യമായാണ് പീഡനക്കേസ് രജിസ്റ്റർ ചെയ്യുന്നത്. മോൻസണുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസുകൾ ക്രൈംബ്രാഞ്ച് ആണ് നിലവിൽ കൈകാര്യം ചെയ്യുന്നത്. അതിനാൽ പോക്സോ കേസും ക്രൈം ബ്രാഞ്ച് തന്നെയാകും അന്വേഷിക്കുക.












