കോഴിക്കോട് : ഭാര്യയേയും മകനെയും ഇസ്ളാം മതവിശ്വാസികളായ അയൽക്കാർ ബലം പ്രയോഗിച്ച് മതം മാറ്റിയെന്ന സി പി എം മുന്‍ ബ്രാഞ്ച് കമ്മിറ്റി അംഗമായ മലപ്പുറം തേഞ്ഞിപ്പാലം സ്വദേശി പി ടി ഗില്‍ബർട്ടിന്റെ പരാതിയും തുടർന്നുണ്ടായ കോടതി വിധിയും വലിയ വിവാദവും ചര്‍ച്ചയും ഉയര്‍ത്തിയ സംഭവമായിരുന്നു. ഭര്‍ത്താവിനെ ഉപേക്ഷിച്ചു മതം മാറാനായി പോയ യുവതി തിരികെ എത്തി. 40 ദിവസം രണ്ടു മതപഠന കേന്ദ്രത്തിലായി കഴിഞ്ഞതിനു ശേഷമാണ് ഇവര്‍ സഹായത്തിനായി ഭര്‍ത്താവിനെ വിളിച്ചത്. തുടര്‍ന്ന് അദ്ദേഹത്തിന്‍റെ ഇടപെടലില്‍ മതപഠന കേന്ദ്രത്തില്‍ നിന്നു രക്ഷപ്പെട്ടു രഹസ്യ കേന്ദ്രത്തിലേക്കു മാറുകയായിരുന്നു.
കോഴിക്കോട് സര്‍വകലാശാലയ്ക്ക് അടുത്തു നീരോല്‍പ്പലത്തെ ഷൈനി എന്ന യുവതിയാണ് ഏറെ വിവാദമുയര്‍ത്തിയ മതംമാറ്റ ശ്രമത്തിനു ശേഷം തിരികെ എത്തിയത്. സിപിഎം നീരോല്‍പ്പലം ബ്രാഞ്ച് കമ്മിറ്റിയംഗവും സിഐടിയു തിരൂരങ്ങാടി ഏരിയ കമ്മിറ്റി അംഗവുമായിരുന്ന പി.ടി.ഗിൽബർട്ടിന്റെ ഭാര്യ ഷൈനിയാണ് ഭര്‍ത്താവിനെ ഉപേക്ഷിച്ചു കുട്ടിയുമായി മതം മാറാനായി പോയത്. ചില സംഘടനകള്‍ ഭാര്യയെയും മകനെയും നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനു വിധേയമാക്കാന്‍ തട്ടിക്കൊണ്ടു പോയെന്നാരോപിച്ചു ഗില്‍ബര്‍ട്ട് രംഗത്തു വന്നതു വലിയ വാര്‍ത്തയായിരുന്നു. ചില അയല്‍വാസികളുടെ നേതൃത്വത്തിലാണ് ഭാര്യയെ അവര്‍ വലയിലാക്കിയതെന്നും ഗില്‍ബര്‍ട്ടിന്‍റെ പരാതിയില്‍ പറഞ്ഞിരുന്നു.
ഭാര്യയെയും മകനെയും കണ്ടെത്തി നല്‍കണമെന്നാവശ്യപ്പെട്ടു ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയും ഇദ്ദേഹം നല്‍കിയിരുന്നു. എന്നാല്‍, കോടതിയില്‍ ഹാജരായപ്പോള്‍ തന്നെ സ്വതന്ത്രയായി പോകാന്‍ അനുവദിക്കണമെന്നാണ് യുവതി ആവശ്യപ്പെട്ടത്. സ്വന്തം ഇഷ്ട പ്രകാരമാണ് മതം മാറിയതെന്നും ആരും ശാരീരികമായോ മാനസികമായോ ഉപദ്രവിച്ചിട്ടില്ലെന്നും യുവതി പറഞ്ഞിരുന്നു. ഇതോടെ യുവതിയെ കോടതി വിട്ടയച്ചു. തുടര്‍ന്നു മതപഠനകേന്ദ്രത്തിലേക്ക് എത്തുകയായിരുന്നു യുവതി. 40 ദിവസത്തോളം രണ്ടു മതപരിവര്‍ത്തന കേന്ദ്രങ്ങളിലായി കഴിഞ്ഞെന്നാണ് യുവതിയുടെ വെളിപ്പെടുത്തല്‍. കോഴിക്കോട്ടെ ഒരു കേന്ദ്രത്തില്‍ നിന്നാണ് ഇവര്‍ തിരികെ എത്തിയത്.
‘അവിടെ നടക്കുന്ന സംഭവങ്ങളോടും രീതികളോടും ഒട്ടും പൊരുത്തപ്പെടാന്‍ കഴിയാതെ ഭര്‍ത്താവിനെ വീണ്ടും വിളിക്കുകയും രക്ഷിക്കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. പുറത്തേക്കു പോകാനോ യാത്ര ചെയ്യാനോ സ്വാതന്ത്ര്യമില്ലാതെ തടങ്കലിനു തുല്യമായ അവസ്ഥയിലാണ് ഇവിടെ പെണ്‍കുട്ടികള്‍ കഴിയുന്നത്. ആദ്യം വിവാദങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന മറ്റൊരു കേന്ദ്രത്തിലായിരുന്നു. അവിടെ നിന്നാണ് ഇവിടേക്കു മാറ്റിയത്. മുപ്പതോളം പെണ്‍കുട്ടികള്‍ ഇവിടെ കഴിയുന്നുണ്ട്. ഇവിടെ താമസിക്കുന്ന ഒരു യുവതി ലൈംഗികമായി ആക്രമിക്കപ്പെട്ടതായി പറഞ്ഞു’- ഷൈനി മാധ്യമങ്ങളോടു പറഞ്ഞു.
Discussion about this post