ഡല്‍ഹി: യുഎസ് പ്രസിഡന്റിനെയും യുകെ, കാനഡ പ്രധാനമന്ത്രിമാരെയും പിന്തള്ളി ലോകത്തെ ആരാധ്യനായ നേതാക്കളുടെ പട്ടികയില്‍ ഒന്നാമതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ദ മോണിങ് കണ്‍സള്‍ട്ട്’ നടത്തിയ സര്‍വേയില്‍ 70 ശതമാനം അംഗീകാരം മോദി സ്വന്തമാക്കിയ കാര്യം കേന്ദ്രമന്ത്രി പിയൂഷ് ഗോയലാണ് ‘കൂ’ (KOO) വിലൂടെ വ്യക്തമാക്കിയത്.
അമേരിക്കന്‍ ഡാറ്റാ ഇന്റലിജന്‍സ് സ്ഥാപനമായ മോര്‍ണിംഗ് കണ്‍സള്‍ട്ട് ഓസ്ട്രേലിയ, ബ്രസീല്‍, കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, ഇന്ത്യ, ഇറ്റലി, ജപ്പാന്, മെക്സിക്കോ, ദക്ഷിണ കൊറിയ, സ്പെയിന്, യുണൈറ്റഡ് കിംഗ്ഡം, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവിടങ്ങളിലെ മുന്‍നിര നേതാക്കള്‍ക്കുള്ള അംഗീകാര റേറ്റിംഗ് ട്രാക്ക് ചെയ്തിട്ടുണ്ട്.
മെക്സിക്കന്‍ പ്രസിഡന്റ് ആന്ദ്രേസ് മാനുവല്‍ ലോപ്പസ് ഒബ്രഡോര്‍, ഇറ്റാലിയന്‍ പ്രധാനമന്ത്രി മരിയോ ഡ്രാഗി, ജര്‍മ്മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍, യുഎസ് പ്രസിഡന്റ് ജോ ബൈഡന് എന്നിവരെക്കാള്‍ മുന്നിലാണ് മോദിയെന്ന് സര്‍വേയില്‍ പറയുന്നു. ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍, കാനഡ പ്രധാനമന്ത്രി ട്രൂഡോ, യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്സണ്, ബ്രസീല്‍ പ്രസിഡന്റ് ജെയ്ര് ബോള്‍സോനാരോ, തുടങ്ങിയവരും പട്ടികയില്‍ ഉള്‍പ്പെടുന്നു. നേരത്തെയും 70 ശതമാനം അംഗീകാരത്തോടെ മോദി പട്ടികയില്‍ ഒന്നാമതെത്തിയിരുന്നു.
ലോകനേതാക്കളുടെ പട്ടിക :
- നരേന്ദ്ര മോദി: 70%
- ലോപ് ഒബ്രഡര്‍: 66%
- മരിയോ ഡ്രാഗി: 58%
- ആംഗല മെര്‍ക്കല്‍: 54 %
- സ്കോട്ട് മോറിസണ്‍: 47 %
- ജസ്റ്റിന് ട്രൂഡോ: 45 %
- ജോ ബൈഡന്: 44 %
- ഫ്യൂമിയോ കിഷിഡ: 42 %
- മൂണ്‍ ജെ-ഇന്‍: 41%
- ബോറിസ് ജോണ്സണ്: 40%
- പെഡ്രോ സാഞ്ചസ്: 37%
- ഇമ്മാനുവല്‍ മാക്രോണ്‍: 36%
- ജെയര്‍ ബോള്‍സോനാരോ: 35 %
ഓരോ രാജ്യത്തു നിന്നുമുള്ള പ്രായപൂര്‍ത്തിയായ വ്യക്തികളുടെ അഭിപ്രായം കണക്കാക്കിയാണ് ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. ഇന്ത്യയില്‍ നിന്ന് 2,126 പേരുടെ അഭിമുഖമാണ് മോണിങ് കണ്‍സള്‍ട്ടന്റ് ഓണ്‍ലൈനായി നടത്തിയത്.
Discussion about this post