ന്യൂഡൽഹി : രാജ്യത്തെ കർഷകർക്ക് പ്രതിവർഷം സാമ്പത്തിക സഹായം ഉറപ്പാക്കുന്ന പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി (പിഎം-കിസാൻ) പദ്ധതി അടുത്ത അഞ്ച് വർഷത്തേക്ക് കൂടി തുടരാൻ കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. 2026-27 സാമ്പത്തിക വർഷം മുതൽ 2030-31 വരെയുള്ള കാലയളവിലേക്കാണ് പദ്ധതി നീട്ടിയിരിക്കുന്നത്. ഇതിനായി 3,15,614 കോടി രൂപയുടെ ഭീമമായ സാമ്പത്തിക വിഹിതമാണ് കേന്ദ്ര സർക്കാർ വകയിരുത്തിയിട്ടുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് കർഷക ക്ഷേമം മുൻനിർത്തിയുള്ള ഈ സുപ്രധാന തീരുമാനമുണ്ടായതെന്ന് കേന്ദ്ര വാർത്താവിനിമയ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.
2019 ഫെബ്രുവരി 24-ന് ആരംഭിച്ച പിഎം-കിസാൻ പദ്ധതിയിലൂടെ അർഹരായ കർഷക കുടുംബങ്ങൾക്ക് പ്രതിവർഷം 6,000 രൂപ വീതമാണ് കേന്ദ്ര ധനസഹായമായി ലഭിക്കുന്നത്. മൂന്ന് തുല്യ ഗഡുക്കളായി 2,000 രൂപ വീതം ആധാർ ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് (ഡിബിടി) നിക്ഷേപിക്കുന്ന രീതിയിലാണ് പദ്ധതി പ്രവർത്തിക്കുന്നത്. ഇതുവരെ 23 ഗഡുക്കളിലായി 4.47 ലക്ഷം കോടിയിലധികം രൂപ കർഷകരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ടെത്തിക്കാൻ കേന്ദ്ര സർക്കാരിന് സാധിച്ചിട്ടുണ്ട്. ഒടുവിലത്തെ ഗഡുവിൽ മാത്രം 9.49 കോടിയിലധികം കർഷകർക്ക് 18,984 കോടിയോളം രൂപയുടെ ആനുകൂല്യം ലഭ്യമായി.
നീതി ആയോഗിന്റെ കീഴിലുള്ള ഡെവലപ്‌മെന്റ് മോണിറ്ററിംഗ് ആൻഡ് ഇവാലുവേഷൻ ഓഫീസ് നടത്തിയ പഠനത്തിൽ പദ്ധതിയുടെ ഗുണഭോക്താക്കളായ 92 ശതമാനത്തിലധികം കർഷകരും ലഭിക്കുന്ന പണം കൃഷിയാവശ്യങ്ങൾക്കായാണ് വിനിയോഗിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. വിത്ത്, വളം, ജലസേചനം തുടങ്ങിയ കാർഷിക ആവശ്യങ്ങൾക്കായി തുക വിനിയോഗിക്കുന്നത് വഴി പ്രാദേശിക കടബാധ്യതകൾ കുറയ്ക്കാനും ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കാനും സാധിച്ചതായി 85 ശതമാനം കർഷകരും സാക്ഷ്യപ്പെടുത്തുന്നു. കൂടാതെ, പദ്ധതിയുടെ ആകെ ഗുണഭോക്താക്കളിൽ നാലിലൊന്ന് പേരും വനിതാ കർഷകരാണെന്നും ഇതുവരെ 1.06 ലക്ഷം കോടി രൂപ വനിതകളുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് എത്തിച്ചിട്ടുണ്ടെന്നും സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.








