ബെയ്ജിങ്: പാകിസ്താന് അത്യാധുനിക യുദ്ധക്കപ്പൽ കൈമാറി ചൈന . ഇന്ത്യൻ മഹാസമുദ്രത്തിൽ പ്രതിരോധം തീർക്കുക എന്നതാണ് ലക്ഷ്യമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ചൈന പാകിസ്താനു കൈമാറുന്ന ഏറ്റവും വലുതും മികവേറിയതുമായ യുദ്ധകപ്പലാണിത്.
‘പി.എൻ.എസ്. തുഗ്റിൽ’ എന്നു പേരു നൽകിയിട്ടുള്ള കപ്പൽ ചൈനീസ് സർക്കാരിന്റെ കപ്പൽ നിർമ്മാണ അതോറിറ്റിയാണ് നിർമ്മിച്ചത്. ചൈനയിലെ ഷാങ്ഹായിൽ തിങ്കളാഴ്ച നടന്ന ചടങ്ങിൽ കപ്പൽ പാകിസ്താൻ നാവിക സേനയ്ക്കു കൈമാറി. ‘ഇന്ത്യൻ മഹാസമുദ്രത്തിലെ സായുധശക്തിയുടെ തുല്യത നിലനിർത്താൻ സഹായിക്കുന്നതാണ് കൈമാറ്റം. മേഖലയിലെ വെല്ലുവിളികൾ നേരിടാൻ തുഗ്റിൽ പാക് നാവികസേനയെ സഹായിക്കും’- ചൈനയിലെ പാകിസ്താൻ സ്ഥാനപതി മൊയിൻ ഉൽ ഹഖ് പറഞ്ഞു.
ചൈന പാകിസ്താനു കൈമാറാമെന്ന് ഏറ്റ നാലു യുദ്ധക്കപ്പലുകളിൽ ആദ്യത്തേതാണിത്. ബാക്കിയുള്ളവ പിന്നീട് കൈമാറും. കരയിൽ നിന്ന് കരയിലേക്കും കരയിൽ നിന്ന് ആകാശത്തേക്കും വെള്ളത്തിനടിയിൽ നിന്നും ആക്രമണം നടത്താൻ ശക്തിയുള്ള യുദ്ധക്കപ്പലാണിത്. കഴിഞ്ഞ വർഷങ്ങളിലായി ഇന്ത്യൻ മഹാസമുദ്രത്തിൽ ഇന്ത്യയെ പ്രതിരോധിക്കാൻ പാകിസ്താനുമായുള്ള തന്ത്രപരമായ സൈനിക സഹകരണം വർധിപ്പിക്കാൻ ചൈന ഏറെ ശ്രദ്ധ പുലർത്തുന്നുണ്ട്.












