ചെന്നൈ: കൂനൂരിൽ ഹെലികോപ്റ്റർ അപകടത്തിൽ പൊള്ളലേറ്റ് ചികിത്സയിൽ കഴിയുന്ന ക്യാപ്റ്റൻ വരുൺ സിങ്ങിൻറെ ആരോഗ്യനില ഗുരുതരാവസ്ഥ തരണം ചെയ്തിട്ടില്ല. ചികിത്സിക്കുന്ന ഡോക്ടർമാരുടെ സംഘം വരുൺസിങ്ങിൻറെ ആരോഗ്യനില സംബന്ധിച്ച് ഒരു ഉറപ്പും നൽകിയിട്ടില്ല. അടുത്ത 48 മണിക്കൂർ നിർണായകമാണെന്നാണ് ഡോക്ടർമാർ അറിയിക്കുന്നത്.
തമിഴ്‌നാട്ടിലെ വെല്ലിംഗ്ടണിലുള്ള ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളേജിലെ (ഡിഎസ്‌എസ്‌സി) ഡയറക്‌ടിംഗ് സ്റ്റാഫ് ഗ്രൂപ്പ് ക്യാപ്റ്റനാണ് വരുൺ സിങ്ങ്. ഹെലികോപ്റ്റർ അപകടത്തിൽ രക്ഷപ്പെട്ട ഏക ഉദ്യോഗസ്ഥനും വരുൺസിംഗാണ്. 80-85% വരെ അദ്ദേഹത്തിന് പൊള്ളലേറ്റിട്ടുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്. തമിഴ്‌നാട് സർക്കാരിലെ മുതിർന്ന ഉദ്യോഗസ്ഥനാണ് ഇക്കാര്യം അറിയിച്ചത്.
വരുൺസിങ്ങിൻറെ ജീവനുവേണ്ടി രാജ്യം മുഴുവൻ പ്രാർത്ഥനയിലാണ്. വിങ് കമാൻഡറിൽ നിന്ന് ഗ്രൂപ്പ് ക്യാപ്റ്റനായി സ്ഥാനക്കയറ്റം ലഭിച്ച സിംഗ് അടുത്തിടെയാണ് ഡിഎസ്എസ്‌സിയിൽ നിയമിതനായത്. സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും ഭാര്യ മധുലിക റാവത്തും ഉൾപ്പെടെ 13 പേരും മരിച്ച അപകടത്തിൽ രക്ഷപെട്ട ഒരേയൊരു ഉദ്യോഗസ്ഥനാണ് ക്യാപ്ടൻ വരുൺ സിംഗ്.








