ആലപ്പുഴ: ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രൺജീത് ശ്രീനിവാസന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് ബൈക്കുകളും വാളും പൊലീസ് കണ്ടെത്തി. മണ്ണഞ്ചേരി അമ്പനാകുളങ്ങര മച്ചിനാട് ആളൊഴിഞ്ഞ പുരയിടത്തിൽ വച്ചിരുന്ന ബൈക്കുകളാണ് കണ്ടെത്തിയത്. കന്നിട്ടപറമ്പ് പാലത്തിന് സമീപത്തെ തോട്ടിൽ നിന്നാണ് വാൾ കണ്ടെടുത്തത്.
രൺജീത് കൊലപാതക കേസിൽ അറസ്റ്റിലായ പ്രതിയുടെ വീടിന് സമീപത്താണ് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. ഞായറാഴ്ച രാവിലെയാണ് ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രൺജീത് ശ്രീനിവാസനെ എസ് ഡി പി ഐ ഭീകരർ വെട്ടി കൊലപ്പെടുത്തിയത്. വെള്ളക്കിണറിലെ വീട്ടിൽ നിന്ന് പ്രഭാതസവാരിക്ക് പുറപ്പെടുമ്പോഴായിരുന്നു ആക്രമണം.
അതേസമയം ആലപ്പുഴയിലെ ഇരട്ടകൊലപാതകങ്ങളിലെ പ്രതികൾ സംസ്ഥാനം വിട്ടെന്ന് എഡിജിപി വിജയ് സാക്കറെ അറിയിച്ചു. പ്രതികൾക്കുള്ള അന്വേഷണ സംഘത്തിന്റെ തെരച്ചിൽ സംസ്ഥാനത്തിന് പുറത്തേക്ക് വ്യാപിപ്പിച്ചെന്നും എഡിജിപി മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാനം വിടാൻ പ്രതികൾക്ക് മറ്റിടങ്ങളിൽ നിന്ന് സഹായം ലഭിച്ചിട്ടുണ്ടെന്നും ഇവർ ആരുടെ സഹായത്തിലാണ് കേരളത്തിൽ നിന്ന് പുറത്തേക്ക് പോയതെന്നും അന്വേഷിച്ചു വരികയാണെന്നും എ ഡി ജി പി വ്യക്തമാക്കി.












