ഡൽഹി: ലുധിയാന കോടതി സ്ഫോടനവുമായി ബന്ധപ്പെട്ട് ഖാലിസ്ഥാൻ അനുകൂല സംഘടന സിഖ്സ് ഫോർ ജസ്റ്റിസ് അംഗം ജസ്വീന്ദർ മുൾട്ടാനിയെ ജർമ്മൻ പൊലീസ് അറസ്റ്റ് ചെയ്തു. ഡൽഹിയിലും മുംബൈയിലും സമാനമായ സ്ഫോടനങ്ങൾക്ക് ഇയാൾ പദ്ധതിയിട്ടിരുന്നതായാണ് വിവരം. അതേസമയം ബോംബ് സ്ഥാപിക്കുന്നതിനിടെ ഉണ്ടായ കൈയ്യബദ്ധം മൂലം അത് സ്ഥാപിച്ചയാളും കൊലപ്പെട്ടതായാണ് ഏറ്റവും പുതിയ വിവരം.
ഇന്ത്യൻ സർക്കാരിന്റെ അപേക്ഷ പ്രകാരമാണ് ജർമ്മൻ പൊലീസ് മുൾട്ടാനിയെ അറസ്റ്റ് ചെയ്തത് എന്നാണ് വിവരം. സിഖ്സ് ഫോർ ജസ്റ്റിസ് സ്ഥാപകൻ ഗുർപത്വന്ത് സിംഗ് പന്നുവുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ് മുൾട്ടാനി. ഇന്ത്യാ വിരുദ്ധ പ്രചാരണങ്ങളിലൂടെ കുപ്രസിദ്ധനാണ് ഇയാൾ.
ഹർദീപ് സിംഗ് നിജ്ജർ, പരംജീത് സിംഗ് പമ്മ, സാബി സിംഗ്, കുല്വന്ത് സിംഗ് മോതാഡ തുടങ്ങിയ ഖാലിസ്ഥാൻ നേതാക്കളുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ് മുൾട്ടാനി. പാകിസ്ഥാനിൽ നിന്നും പഞ്ചാബിലേക്ക് ആയുധം കടത്തിയതുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ ആരോപണങ്ങൾ നിലവിലുണ്ട്.








