മുംബൈ: രാജ്യത്തെ ആദ്യ ഒമിക്രോൺ മരണം മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തു. അടുത്തയിടെ ഹൃദയാഘാതം മൂലം മരണപ്പെട്ട 52 വയസ്സുകാരനിലാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. കൂടാതെ രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ കൊവിഡ് കേസുകളിൽ 27 ശതമാനം വർദ്ധനവും രേഖപ്പെടുത്തി.
ഒമിക്രോൺ സാമൂഹിക വ്യാപനം ഉണ്ടായാൽ ആശുപത്രികൾ നിറഞ്ഞു കവിയുന്ന സാഹചര്യം ഉണ്ടാകുമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഗുജറാത്തിലും പശ്ചിമ ബംഗാളിലും കൊവിഡ് കേസുകൾ ഉയരുകയാണ്. ഡൽഹിയിൽ കഴിഞ്ഞ ദിവസം 1313 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മെയ് 26ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്.
രാജ്യത്ത് കൊവിഡ് മൂന്നാം തരംഗത്തിന്റെ സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുമെന്നാണ് സൂചന. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ നിയന്ത്രണങ്ങളുമായി രംഗത്ത് വന്നിട്ടുണ്ട്. കർണാടക, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിലും നിയന്ത്രണങ്ങൾ ശക്തമാക്കിയിട്ടുണ്ട്.












