ന്യൂഡൽഹി : പാർലമെന്റിന്റെ വർഷകാല സമ്മേളനം ആരംഭിക്കാനിരിക്കെ, കോക്രോച്ച് ജനതാ പാർട്ടി പ്രഖ്യാപിച്ച ‘ചലോ സൻസദ്’ മാർച്ചിന് അനുമതിയില്ലെന്ന് വ്യക്തമാക്കി ഡൽഹി പോലീസ് രംഗത്തെത്തി. ക്രമസമാധാന പാലനത്തിന്റെ ഭാഗമായി ന്യൂഡൽഹി ജില്ലയിലുടനീളം ഭാരതീയ നാഗരിക് സുരക്ഷാ സൻഹിതയിലെ (ബി.എൻ.എസ്.എസ്) സെക്ഷൻ 163 പ്രകാരം (പഴയ സി.ആർ.പി.സി 144) നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുകയാണ്. മുൻകൂർ അനുമതിയില്ലാതെ അഞ്ചോ അതിലധികമോ ആളുകൾ ഒത്തുകൂടുന്നതും പ്രതിഷേധ മാർച്ചുകൾ നടത്തുന്നതും നിരോധിച്ചിട്ടുണ്ടെന്നും നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ ഭാരതീയ ന്യായ സൻഹിതയിലെ (ബി.എൻ.എസ്) സെക്ഷൻ 223 പ്രകാരം കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും ന്യൂഡൽഹി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ സച്ചിൻ ശർമ്മ മുന്നറിയിപ്പ് നൽകി.
നീറ്റ് പരീക്ഷയിലെ അഴിമതികൾക്കെതിരെയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുമാണ് സി.ജെ.പി പ്രതിഷേധം സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി ജന്തർ മന്തറിൽ നിരാഹാര സമരം നടത്തിവന്ന പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്‌ചുക്കിനെ ആരോഗ്യനില മോശമായതിനെത്തുടർന്ന് പോലീസ് കഴിഞ്ഞ ദിവസം ബലമായി സഫ്ദർജംഗ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇതിൽ പ്രതിഷേധിച്ച് പാർലമെന്റ് മാർച്ച് ആസൂത്രണം ചെയ്തതുപോലെ മുന്നോട്ട് പോകുമെന്ന് സോനം വാങ്‌ചുക്കിന്റെ ഭാര്യ ഗീതാഞ്ജലി ആങ്മോയും സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്കെയും വ്യക്തമാക്കിയ പശ്ചാത്തലത്തിലാണ് പോലീസ് നടപടി കടുപ്പിച്ചത്.
തലസ്ഥാന നഗരിയെ ഇപ്പോൾ വൻ സുരക്ഷാ വലയത്തിലാണ് പോലീസ് നിർത്തിയിരിക്കുന്നത്. പാർലമെന്റ് മന്ദിരത്തിന് ചുറ്റും ജന്തർ മന്തറിലും ഡൽഹി പോലീസും അർദ്ധസൈനിക വിഭാഗവും ഉൾപ്പെടുന്ന മൂന്നടുക്ക് സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഡൽഹിയിലേക്കുള്ള അതിർത്തികളിലും സെൻട്രൽ കനോട്ട് പ്ലേസ് ഉൾപ്പെടെയുള്ള തന്ത്രപ്രധാനമായ സ്ഥലങ്ങളിലും പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്. ജന്തർ മന്തറിലെ നിശ്ചിത സമര സ്ഥലത്ത് മുൻകൂർ അനുമതിയോടെ മാത്രമേ പ്രതിഷേധങ്ങൾ അനുവദിക്കൂവെന്നും സമാധാനാന്തരീക്ഷം തകർക്കുന്ന നീക്കങ്ങളിൽ നിന്ന് പൊതുജനങ്ങൾ വിട്ടുനിൽക്കണമെന്നും ഡൽഹി പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.








