ചണ്ഡീഗഢ്: അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ പഞ്ചാബിൽ ഞെട്ടിക്കുന്ന നീക്കവുമായി ബിജെപി. ചണ്ഡീഗഢ് മുനിസിപ്പൽ കോർപ്പറേഷൻ മേയറായി ബിജെപിയുടെ സരബ്ജീത് കൗർ തെരഞ്ഞെടുക്കപ്പെട്ടു. 28ൽ 14 വോട്ടുകൾ നേടിയായിരുന്നു കൗറിന്റെ വിജയം.
ബിജെപി സ്ഥാനാർത്ഥിയുടെ വിജയം ചോദ്യം ചെയ്ത് ആം ആദ്മി പാർട്ടി രംഗത്ത് വന്നത് സംഘർഷത്തിനിടയാക്കി. എന്നാൽ ഫലം റദ്ദാക്കാൻ യാതൊരു കാരണവും കാണുന്നില്ലെന്ന് വന്നതോടെ പ്രതിഷേധങ്ങൾ ഒടുങ്ങുകയായിരുന്നു.
അതേസമയം രാജ്യത്തെ 5 സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു. ഉത്തർപ്രദേശ്, ഗോവ, പഞ്ചാബ്, മണിപ്പൂർ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതികളാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചത്.
ഏഴ് ഘട്ടങ്ങളിലായാണ് അഞ്ച് സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പ് നടക്കുക. ഉത്തർ പ്രദേശിൽ ഒന്നാം ഘട്ടം തെരഞ്ഞെടുപ്പ് ഫെബ്രുവരി 10ന് നടക്കും. രണ്ടാം ഘട്ടം ഫെബ്രുവരി 14നും മൂന്നാം ഘട്ടം ഫെബ്രുവരി 20നും നാലാം ഘട്ടം ഫെബ്രുവരി 23നും അഞ്ചാം ഘട്ടം ഫെബ്രുവരി 27നും ആറാം ഘട്ടം മാർച്ച് 3നും അവസാന ഘട്ടം മാർച്ച് 7നും നടക്കും.
പഞ്ചാബിൽ ഫെബ്രുവരി 14നാണ് തെരഞ്ഞെടുപ്പ്. മണിപ്പൂരിൽ ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് ഫെബ്രുവരി 27നും രണ്ടാം ഘട്ടം മാർച്ച് 3നും നടക്കും. ഗോവയിലും ഉത്തരാഖണ്ഡിലും ഫെബ്രുവരി 14 നാണ് തെരഞ്ഞെടുപ്പ്. മാർച്ച് 10നാണ് വോട്ടെണ്ണൽ.











