ചെന്നൈ: തമിഴ്നാട്ടിൽ മതപരിവർത്തനം ചെറുത്തതിന് ആത്മഹത്യ ചെയ്യേണ്ടി വന്ന പെൺകുട്ടിയെ കൊണ്ട് ഹോസ്റ്റൽ വാർഡൻ നിരന്തരം ജോലികൾ ചെയ്യിപ്പിച്ചിരുന്നതായി പെൺകുട്ടി വെളിപ്പെടുത്തുന്ന വീഡിയോ പുറത്ത് വന്നു. പഠിക്കാൻ അനുവദിക്കാതെയാണ് സിസ്റ്റർ സമയ മേരി ഹോസ്റ്റലിൽ ജോലികൾ ചെയ്യിച്ചിരുന്നത്. കണക്കുകൾ രേഖപ്പെടുത്തുക, ഹോസ്റ്റൽ ഗേറ്റ് അടയ്ക്കുകയും തുറക്കുകയും ചെയ്യുക, മോട്ടോർ പ്രവർത്തിപ്പിക്കുക തുടങ്ങിയ ജോലികളാണ് പ്രധാനമായും ചെയ്യിച്ചിരുന്നത് എന്ന് പെൺകുട്ടി പറഞ്ഞിരുന്നതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
പത്താം ക്ലാസ്സിൽ ഒന്നാം റാങ്ക് വാങ്ങിയിരുന്നതിനാൽ നന്നായി പഠിക്കാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ ഹോസ്റ്റലിലെ ജോലിഭാരം കാരണം കൃത്യമായി പഠിക്കാൻ കഴിഞ്ഞിരുന്നില്ല. കുടുംബ പ്രശ്നങ്ങൾ കാരണം വൈകിയാണ് ഈ വർഷം സ്കൂളിൽ ചേർന്നതെന്നും പെൺകുട്ടി പറയുന്നു.
ഹോസ്റ്റലിലെ സിസ്റ്റർ എപ്പോഴും കണക്കുകൾ കൃത്യമായി സൂക്ഷിക്കാൻ നിർബ്ബന്ധിച്ചിരുന്നു. വൈകിയാണ് സ്കൂളിൽ ചേർന്നതെന്നും അതിനാൽ അടിസ്ഥാന പാഠങ്ങൾ ശരിയാക്കിയ ശേഷം ജോലികൾ ചെയ്യാമെന്നും അവരെ അറിയിച്ചിരുന്നു. എന്നാൽ അവർ അത് മനസ്സിലാക്കിയില്ല. ജോലി തീർത്ത ശേഷം മറ്റുള്ള കാര്യങ്ങൾ ചെയ്താൽ മതി എന്നായിരുന്നു അവരുടെ നിലപാട്. ശരിയായി ചെയ്താലും എന്തെങ്കിലും കുറ്റം കണ്ടു പിടിച്ച് എല്ലാം ആദ്യം മുതൽ ചെയ്യാൻ അവർ നിർബ്ബന്ധിച്ചിരുന്നു. ഈ കാരണത്താൽ പഠനത്തിൽ ശ്രദ്ധിക്കാൻ കഴിയാതെ വരികയും മാർക്കുകൾ കുറയുകയും ചെയ്തു. ഈ വേദന സഹിക്കാനാവാതെ വിഷം കഴിച്ചു. പെൺകുട്ടി പറയുന്നു.
മതം മാറാൻ വിസ്സമ്മതിച്ചതിന് സ്കൂൾ അധികൃതരുടെ ഭാഗത്ത് നിന്നും ഹോസ്റ്റൽ അധികൃതരുടെ ഭാഗത്ത് നിന്നും സമ്മർദ്ദമുണ്ടായിരുന്നതായി പെൺകുട്ടി പറയുന്ന വീഡിയോയും പുറത്ത് വന്നിരുന്നു. എന്നാൽ ആരോപണങ്ങൾ സ്കൂൾ അധികൃതർ നിഷേധിക്കുകയാണ്.
Discussion about this post