മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനിലയില്‍ കൂടുതല്‍ പുരോഗതി. തലച്ചോറിലേക്കുള്ള രക്തയോട്ടം മെച്ചപ്പെട്ടുവെങ്കിലും ബോധം തിരിച്ച് കിട്ടിയിട്ടില്ല. ഇനിയുള്ള 7 മണിക്കൂർ നിർണായകമെന്ന് ഡോക്ടർമാർ പറഞ്ഞു. ദ്രാവക രൂപത്തിലുള്ള ഭക്ഷണം സ്വീകരിക്കുന്നുണ്ട്.
സിടി സ്കാനിൽ തലച്ചോറിന് മറ്റ് കുഴപ്പങ്ങളില്ലെന്ന് കണ്ടെത്തിയിരുന്നു. തലച്ചോറിന്റെ പ്രവർത്തനം നേരെയാക്കാൻ ഇന്ന് ന്യൂറോ മരുന്നു നൽകാനാണ് ഡോക്ടർമാരുടെ തീരുമാനം. അതേസമയം ആരോഗ്യ പുരോഗതി വിലയിരുത്താന്‍ മെഡിക്കല്‍ ബോര്‍ഡ് ഇന്ന് വീണ്ടും ചേരും. വെന്റിലേറ്റര്‍ മാറ്റുന്ന കാര്യത്തിലും ഇന്ന് തീരുമാനമുണ്ടാകും.
ചങ്ങനാശ്ശേരിക്കടുത്ത് കുറിച്ചിയില്‍ വെച്ച് തിങ്കളാഴ്ച 4.30-ഓടെയാണ് വാവ സുരേഷിന് പാമ്ബ് കടിയേറ്റത്. ഏഴടി നീളമുള്ള മൂര്‍ഖനെ പിടിച്ച് ചാക്കിലേക്ക് മാറ്റുന്നതിനിടെ പൊടുന്നനെ വളഞ്ഞുവന്ന് സുരേഷിന്റെ വലതുതുടയില്‍ കടിക്കുകയായിരുന്നു. അതീവ ഗുരുതരാവസ്ഥയിലായിരുന്ന സുരേഷിനെ ആദ്യം കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചത്. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
Discussion about this post