ബംഗലൂരു: എസ് സോമനാഥ് ചെയർമാനായി ചുമതലയേറ്റതിന് ശേഷമുള്ള ഐഎസ്ആർഒയുടെ ആദ്യ വിക്ഷേപണം വിജയം. പിഎസ്എൽവി സി 52 മൂന്ന് ഉപഗ്രഹങ്ങളെയും വിജയകരമായി നിർദ്ദിഷ്ട ഭ്രമണപഥത്തിൽ സ്ഥാപിച്ചു. അടുത്ത ദൗത്യവുമായി ഉടൻ കാണാമെന്ന് വിജയത്തിന് ശേഷം ഐ എസ് ആർ ഒ ചെയർമാൻ പറഞ്ഞു.
റഡാർ ഇമേജിംഗ് ഉപഗ്രഹമായ ഇഒഎസ് 04 ആയിരുന്നു ദൗത്യത്തിലെ പ്രധാന ഉപഗ്രഹം, ഇൻസ്പയർ സാറ്റ് 1, ഐഎൻഎസ് 2 ടിഡി എന്നീ ചെറു ഉപഗ്രഹങ്ങളും ദൗത്യത്തിന്റെ ഭാഗമായിരുന്നു. റഡാർ ഇമേജിംഗ് ഉപഗ്രഹമായത് കൊണ്ട് ഏത് കാലാവസ്ഥയിലും ഭൂപ്രദേശങ്ങളുടെ മിഴിവേറിയ ചിത്രങ്ങളെടുക്കാൻ ഇഒഎസ് 04ന് സാധിക്കും. കാർഷിക ഗവേഷണത്തിനും, വനപ്രദേശങ്ങളെയും തോട്ടം മേഖലകളെയും നിരീക്ഷിക്കുന്നതിനും പ്രളയ സാധ്യത പഠനത്തിനും മണ്ണിനെക്കുറിച്ചുള്ള ഗവേഷണത്തിനുമെല്ലാം ഉപഗ്രഹം നൽകുന്ന വിവരങ്ങൾ മുതൽക്കൂട്ടായിരിക്കുമെന്നാണ് ഐ എസ് ആർ ഒ പറയുന്നത്. പത്ത് വർഷത്തെ ദൗത്യ കാലാവധിയാണ് ഇഒഎസ് 04ന് നൽകിയിരിക്കുന്നത്.
വിദ്യാർത്ഥികളുടെ സംഘം നിർമ്മിച്ച ചെറു ഉപഗ്രഹമാണ് ഇൻസ്പയർ സാറ്റ് 1. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്സ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജിയിലെ വിദ്യാർത്ഥികളും കൊളറാഡോ സർവകലാശാലയിലെ ലബോറട്ടറി ഫോർ അറ്റമോസ്ഫറിക് ആൻഡ് സ്പേസ് ഫിസിക്സും ചേർന്ന് ഇൻസ്പയർ പദ്ധതിയിലൂടെ വികസിപ്പിച്ചെടുത്ത ഉപഗ്രഹമാണ് ഇത്. അയണോസ്ഫിയർ പഠനവും, സൂര്യന്റെ കൊറോണയെക്കുറിച്ചുള്ള പഠനവുമാണ് ഈ ചെറു ഉപഗ്രഹം ലക്ഷ്യമിടുന്നത്. ഒരു വർഷമാണ് ദൗത്യ കാലാവധി.
ഐഎൻഎസ് 2 ടിഡി എന്ന സാങ്കേതിക വിദ്യാ പരീക്ഷണ ദൗത്യമായിരുന്നു മൂന്നാമത്തെ ഉപഗ്രഹം.
Discussion about this post