കർണാടകയിലെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ക്ലാസ് സമയത്ത് ഹിജാബിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുടെ പേരിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘർഷങ്ങൾ ഉടലെടുക്കുന്നതിനിടെ പെൺകുട്ടികൾക്കിടയിൽ നടക്കുന്ന ചേലാ കർമ്മത്തിനെതിരെ നടപടി ശക്തമാക്കണെമെന്ന് ഒരു വിഭാഗം ആരോഗ്യ പ്രവർത്തകരും മനുഷ്യാവകാശ സംഘടനകളും ആവശ്യപ്പെടുന്നു. ഇന്ത്യയിലെ ബോറ മുസ്ലീം വിഭാഗത്തിനിടയിൽ പലപ്പോഴും രഹസ്യമായും ചിലപ്പോഴൊക്കെ പരസ്യമായും നടത്തുന്ന ഈ പ്രാകൃത കൃത്യം സ്ത്രീകൾക്ക് ആജീവനാന്തം ലൈംഗീക സുഖം നിഷേധിക്കുന്നു എന്ന് മാത്രമല്ല അവരെ മാരകമായ മൂത്രാശയ- ഗർഭപാത്ര സംബന്ധിയായ രോഗങ്ങൾക്ക് ഇരകളാക്കുന്നുവെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഏഴോ എട്ടോ ഒൻപതോ വയസ്സ് പ്രായമാകുമ്പോഴാണ് പെൺകുട്ടികളിൽ ചേലാകർമ്മം ചെയ്യുന്നത്. സ്ത്രീ ലൈംഗികാവയവത്തിന്റെ സുപ്രധാനമായ ഒരു ഭാഗമാണ് ‘ഹറാം കൊ ബോട്ടി‘ അഥവാ പാപത്തിന്റെ ഉറവിടം എന്ന പേരിൽ ഛേദിച്ച് മാറ്റുന്നത്. സ്ത്രീകൾ ആജീവനാന്തം പുരുഷന്റെ അടിമയായി കഴിയാനും ലൈംഗീക സുഖം ആസ്വദിക്കാതിരിക്കാനും പ്രസവ- ലൈംഗീക ഉപകരണങ്ങൾ മാത്രമായി ജീവിക്കാനുമാണ് ഇത് ചെയ്യുന്നത് എന്ന് മനുഷ്യാവകാശ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. ഹീനമായ മനുഷ്യാവകാശ ലംഘനം എന്ന പേരിലാണ് ഐക്യരാഷ്ട്ര സംഘടന ഇതിനെ വിശേഷിപ്പിക്കുന്നത്.
ശാസ്ത്രീയ പരിശീലനം ലഭിക്കാത്ത വയറ്റാട്ടിമാരോ സമുദായത്തിലെ മുതിർന്ന സ്ത്രീകളോ ആണ് ചേലാകർമ്മം ചെയ്യുന്നത്. ഇതിനായി അണുവിമുക്തമാക്കാത്ത കത്തിയോ ബ്ലേഡോ ആണ് ഇവർ ഉപയോഗിക്കുന്നത്. പെൺകുട്ടി ഋതുമതി ആകുന്നതിന് മുൻപേ ഈ കർമ്മം നിർവ്വഹിക്കുന്നു.
ചേലാകർമ്മം നിർവ്വഹിക്കുന്നതിലൂടെ പെൺകുട്ടികൾക്ക് ആജീവനാന്തം നീണ്ടു നിൽക്കുന്ന മൂത്രത്തിൽ പഴുപ്പ്, ദിവസങ്ങളോളം നീണ്ടു നിൽക്കുന്ന രക്തസ്രാവം എന്നിവ ഉണ്ടാകുന്നു. സ്ത്രീ ലൈംഗീകതയുടെ കേന്ദ്രം എന്നറിയപ്പെടുന്ന ഈ ഭാഗം അനവധി സംവേദനക്ഷമമായ കോശങ്ങളാൽ സമ്പന്നമാണ്. അതുകൊണ്ട് തന്നെ തീരാവേദനയാണ് ഈ കൃത്യത്തിലൂടെ അവർക്ക് ലഭിക്കുന്നത്.
തങ്ങളുടെ ശരീരങ്ങളിൽ എന്താണ് സംഭവിക്കുന്നത് എന്ന് തിരിച്ചറിയാൻ പോലും പ്രായമാകുന്നതിന് മുൻപേയാണ് പെൺകുട്ടികളിൽ ചേലാകർമ്മം നടക്കുന്നത്. ശാരീരിക സുഖം എന്ന വികാരം ആജീവനാന്തം അവർക്ക് നഷ്ടമാകുകയും ലൈംഗീക ബന്ധം എന്നത് സന്താനോദ്പാദനത്തിന് മാത്രമുള്ള കർമ്മമായി ഇവർക്ക് അനുഭവപ്പെടുകയും ചെയ്യും.
ജീവിതത്തിൽ ഇന്നേവരെ തനിക്ക് ലൈംഗീക സുഖം ആസ്വദിക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് ചേലാകർമ്മത്തിന് വിധേയയായ ഒരു അമ്മ ഹിന്ദുസ്ഥാൻ ടൈംസിനോട് വെളിപ്പെടുത്തിയത്. സ്ത്രീകളെ വിദ്യാഭ്യാസം ചെയ്യിക്കുകയും വിദേശരാജ്യങ്ങളിൽ പോലും സ്വതന്ത്രരായി യാത്ര ചെയ്യാൻ അനുവദിക്കുകയും ചെയ്യുന്ന ബോറ മുസ്ലീങ്ങളിലാണ് ഇത് സർവസാധാരണം എന്നതാണ് ഏറ്റവും വലിയ വിരോധാഭാസമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.








