ചെന്നൈ: തമിഴ്നാട്ടിലെ മണ്ടയ്ക്കാട് നഗരസഭയിൽ ബിജെപി ഭരണം പിടിച്ചെടുത്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നഗരസഭയിലെ 15 സീറ്റുകളിൽ 8 എണ്ണം നേടിയാണ് ബിജെപി ഭരണം കൈക്കലാക്കിയത്. കന്യാകുമാരി ജില്ലയിലാണ് മണ്ടയ്ക്കാട് നഗരസഭ.
തെരഞ്ഞെടുപ്പിൽ ബിജെപി മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. പലപള്ളം മുനിസിപ്പാലിറ്റിയിലെ പതിമൂന്നാം വാർഡ് തുടർച്ചയായ നാലാം തവണയും ബിജെപി നിലനിർത്തി. രുദ്രാവതി മുനിസിപ്പാലിറ്റിയിലെ അഞ്ചാം വാർഡിലും ബിജെപി സ്ഥാനാർത്ഥി വിജയിച്ചു.
സത്യമംഗലം മുനിസിപ്പാലിറ്റിയിലെ എട്ടാം വാർഡിൽ ബിജെപി വിജയിച്ചു. ദാരാപുരം ഈസ്റ്റിൽ ബിജെപി സ്ഥാനാർത്ഥി എം കാർത്തികേയൻ വിജയിച്ചു. കമുതി മുനിസിപ്പാലിറ്റിയിൽ ഡി എം കെ സമ്പൂജ്യരായി. ഇവിടെ 14 സീറ്റുകളിൽ സ്വതന്ത്രർ വിജയിച്ചപ്പോൾ ഒരു സീറ്റ് ബിജെപി നേടി.
ശിവഗംഗയിൽ കമൽ ഹാസന്റെ എം എൻ എമ്മിന് ഒരു വോട്ട് പോലും കിട്ടിയില്ല. തെരഞ്ഞെടുപ്പിൽ ഡി എം കെ മികച്ച മുന്നേറ്റമാണ് നടത്തുന്നത്.








