ബെർലിൻ: ഉക്രെയ്ൻ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ റഷ്യക്ക് ഉപരോധം ഏർപ്പെടുത്തിയ യൂറോപ്യൻ രാജ്യങ്ങളിൽ ഇന്ധന പ്രതിസന്ധി രൂക്ഷമായേക്കുമെന്ന് സൂചന. പ്രകൃതി വാതകത്തിനും എണ്ണയ്ക്കും റഷ്യയെയാണ് യൂറോപ്യൻ രാജ്യങ്ങൾ പ്രധാനമായും ആശ്രയിക്കുന്നത്. റഷ്യക്ക് ഉപരോധം ഏർപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിൽ മറ്റ് പോംവഴികൾ ആലോചിക്കാൻ നിർബ്ബന്ധിതമായിരിക്കുകയാണ് യൂറോപ്യൻ രാജ്യങ്ങൾ.
യൂറോപ്യൻ രാജ്യങ്ങൾക്ക് ആവശ്യമായ പ്രകൃതി വാതകത്തിന്റെ 40 ശതമാനത്തോളം വരുന്നത് റഷ്യയിൽ നിന്നാണ്. റഷ്യക്ക് ഉപരോധം ഏർപ്പെടുത്തിയതോടെ മിക്ക യൂറോപ്യൻ രാജ്യങ്ങളിലും കോടിക്കണക്കിന് രൂപയുടെ പദ്ധതികൾ അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ജർമ്മനിയിലെ കമ്പനി കടങ്ങൾ തിരിച്ചടക്കാൻ നിർവാഹമില്ലെന്ന് പറഞ്ഞ് ജീവനക്കാരെ മുഴുവൻ പിരിച്ചുവിട്ട വാർത്ത കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.
കടുത്ത ഊർജ്ജ പ്രതിസന്ധിയിലേക്ക് യൂറോപ്പ് നീങ്ങുമെന്ന ആശങ്കക്കിടെ ബദൽ സാധ്യതകൾ തേടുകയാണ് രാജ്യങ്ങൾ. റഷ്യയ്ക്ക് പകരം ആഫ്രിക്കയിൽ നിന്ന് ഇന്ധനമെത്തിക്കാൻ പറ്റുമോയെന്ന സാധ്യതതയാണ് ഇവർ പരിശോധിക്കുന്നത്. പ്രകൃതി വാതക നിക്ഷേപം ധാരാളമുള്ള ടാൻസാനിയയും, നൈജീരയയുമെല്ലാം യൂറോപ്പ്യൻ വിപണിയിൽ പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണ്.
എന്നാൽ ഭൗതിക സാഹചര്യങ്ങളുടെ കുറവാണ് ഇക്കാര്യത്തിലെ പ്രധാന വെല്ലുവിളി. നിലവിലെ സാഹചര്യത്തിൽ ആഫ്രിക്കയിൽ നിന്നും യൂറോപ്പിലേക്ക് ഇന്ധനമെത്തിക്കുക എന്നത് ഏറെക്കുറെ അസാധ്യമായ കാര്യമാണെന്നാണ് പൊതുവിലുള്ള വിലയിരുത്തൽ.
Discussion about this post