മുംബൈ : ഉക്രൈനില്‍ കുടുങ്ങിയ വിദ്യാര്‍ഥികളുമായി പ്രത്യേക വിമാനം മുംബൈയില്‍ എത്തി. 182 ഇന്ത്യന്‍ പൗരന്മാരാണ് എത്തിയത്. ഓപ്പറേഷന് ഗംഗയുടെ കീഴില്‍ റൊമാനിയന്‍ തലസ്ഥാനമായ ബുക്കാറെസ്റ്റില്‍ നിന്നുമുള്ള എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനമാണ് ഇന്ന് പുലര്‍ച്ചെയോടെ എത്തിയത്. വിദ്യാര്‍ഥികളെ കേന്ദ്ര സഹമന്ത്രി കപില്‍ പാട്ടീല്‍ സ്വീകരിച്ചു
റഷ്യന്‍ സൈനിക ആക്രമണം നേരിടുന്ന ഉക്രൈനില്‍ നിന്നും ഓപ്പറേഷന് ഗംഗയുടെ കീഴില്‍ ഇതുവരെ 13,300 പേര് ഇന്ത്യയിലേക്ക് മടങ്ങിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. കാര്‍കീവില്‍ നിന്നും എല്ലാ ഇന്ത്യക്കാരെയും തിരിച്ചെത്തിച്ചെന്നും എന്നാല്‍ ഗതാഗത പ്രതിസന്ധിക്കും തുടര്‍ച്ചയായ അക്രമങ്ങള്‍ക്കും ഇടയില്‍ സുമി പ്രദേശത്ത് നിന്ന് പൗരന്മാരെ ഒഴിപ്പിക്കുക വലിയ വെല്ലുവിളി നേരിടുകയാണെന്നും മന്ത്രാലയം അറിയിച്ചു. ഈ സാഹചര്യത്തില്‍ സുമി പ്രദേശത്ത് നിന്ന് പൗരന്മാരെ ഒഴിപ്പിക്കുക എന്നതാണ് സര്‍ക്കാരിന്റെ പ്രധാന ശ്രദ്ധയെന്നും മന്ത്രാലയം പറഞ്ഞു.
അതേസമയം ഉക്രൈന് പ്രതിസന്ധിയെക്കുറിച്ച് വിശകലനം ചെയ്യാനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. കേന്ദ്ര വിദേശകാര്യ മന്ത്രി ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Discussion about this post