ഓക്ക്ലൻഡ്: ഏകദിനത്തിൽ 250 വിക്കറ്റ് തികയ്ക്കുന്ന ആദ്യ വനിതാ ബൗളർ എന്ന റെക്കോർഡിന് പിന്നാലെ കരിയറിൽ പുതിയ നേട്ടവുമായി ഇന്ത്യൻ താരം ജുലൻ ഗോസ്വാമി. 200 ഏകദിനങ്ങൾ കളിക്കുന്ന രണ്ടാമത്തെ വനിതാ ക്രിക്കറ്റർ എന്ന നേട്ടമാണ് ഓസ്ട്രേലിയക്കെതിരായ ഇന്നത്തെ ലോകകപ്പ് മത്സരത്തിലൂടെ ജുലൻ സ്വന്തമാക്കിയത്. വനിതാ ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ഏകദിനങ്ങൾ കളിച്ച ഇന്ത്യയുടെ തന്നെ മിതാലി രാജ് മാത്രമാണ് നിലവിൽ ജുലൻ ഗോസ്വാമിക്ക് മുന്നിൽ ഉള്ളത്.
230 ഏകദിനങ്ങളാണ് മിതാലി രാജ് കളിച്ചിട്ടുള്ളത്. നിലവിൽ ഇന്ത്യൻ ലോകകപ്പ് വനിതാ ടീമിന്റെ ക്യാപ്ടനാണ് മിതാലി. 191 ഏകദിനങ്ങൾ കളിച്ച മുൻ ഇംഗ്ലീഷ് താരം കാർലറ്റ് എഡ്വേർഡ്സാണ് മൂന്നാം സ്ഥാനത്തുള്ളത്.
വനിതാ ലോകകപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റ് എന്ന റെക്കോർഡും ഈ മുപ്പത്തിയിൻപതുകാരിയുടെ പേരിലാണ്. 40 വിക്കറ്റുകളാണ് രണ്ട് ദശാബ്ദം പിന്നിട്ട അന്താരാഷ്ട്ര കരിയറിലെ 5 വനിതാ ലോകകപ്പുകളിൽ നിന്നും ജുലൻ ഗോസ്വാമി സ്വന്തമാക്കിയത്.










