ദോഹ: ലോകകപ്പ് ഫുട്‌ബോളിലെ അര്‍ജന്റീനയുടെ പ്രീക്വാര്‍ട്ടര്‍ പ്രവേശനം ആരാധകര്‍ ആഘോഷമാക്കുകയാണ്. പോളണ്ടിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത മെസ്സിപ്പടയ്ക്ക് ഈ വിജയം ഇതിഹാസ നായകന്‍മാരോടുള്ള കടപ്പാടാണെന്നു തന്നെ പറയാം. ഇന്നലെ നടന്ന മല്‍സരത്തോടുകൂടി അര്‍ജന്റീനയുടെ മുന്‍ താരം ഡീഗോ മറഡോണയെ മറികടന്ന്, തന്റെ 22ാം മല്‍സരത്തില്‍ ക്യാപ്റ്റന്‍ മെസ്സി അര്‍ജന്റീനയ്ക്കു വേണ്ടി ഏറ്റവും കൂടുതല്‍ ടൂര്‍ണമെന്റുകള്‍ കളിക്കുന്ന താരമായി. രണ്ട് വര്‍ഷം മുമ്പാണ് ഫുട്‌ബോള്‍ മാന്ത്രികന്‍ ഡീഗോ മറഡോണ ഈ ലോകത്തോട് വിടപറഞ്ഞത്.
ഇത്തരം റെക്കോര്‍ഡുകള്‍ സ്വന്തമാക്കാനായതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞ മെസ്സി, ഈ നേട്ടത്തില്‍ മറഡോണ സൂപ്പര്‍ ഹാപ്പിയാകുമെന്നും വ്യക്തമാക്കി. ”അദ്ദേഹം എന്നും എന്നോട് വാത്സല്യം കാണിച്ചിട്ടുണ്ട്, എന്റെ നേട്ടങ്ങളില്‍ എപ്പോഴും സന്തോഷവാനായിരുന്നു”, മെസ്സി പറഞ്ഞു. ഇന്നലെ പോളണ്ടിനെതിരെ നടന്ന മല്‍സരത്തില്‍ പെനാലിറ്റി പാഴാക്കിയ മെസ്സിയുടെ കളി ആരാധകരെ ചെറുതായി നിരാശരാക്കിയിക്കുന്നു. എങ്കിലും ഈ കളിയില്‍ ക്യാപ്റ്റന്‍ സന്തോഷവാനാണ്. നിര്‍ണായക അവസരത്തില്‍ തന്റെ പെനാലിറ്റി പാഴായെങ്കിലും അതോടുകൂടി ടീം കൂടുതല്‍ ശക്തരായി കളിയിലേക്ക് തിരികെയെത്തിയെന്നും മെസ്സി പറഞ്ഞു. ലോകകപ്പില്‍ അവസാന 16 ല്‍ ഇടം നേടിയ അര്‍ജന്റീനയുടെ അടുത്ത മല്‍സരം ശനിയാഴ്ച ഓസ്‌ട്രേലിയയ്‌ക്കെതിരെയാണ്.








