മെറ്റയുടെ അതിവേഗ സന്ദേശ സേവനദാതാക്കളായ വാട്ട്‌സാപ്പ് കഴിഞ്ഞ ഒക്ടോബറില്‍ നിരോധിച്ചത് 23 ലക്ഷത്തിലധികം അക്കൗണ്ടുകള്‍. 2021 ഐടി ആക്ട് അനുസരിച്ച് നിരോധിച്ച അക്കൗണ്ടുകളുടെ കണക്കാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. സ്പാം സന്ദേശങ്ങള്‍ അയക്കുന്ന അക്കൗണ്ടുകളാണ് നിരോധച്ചവയിലേറെയെന്നും കമ്പനി വ്യക്തമാക്കി.
ഒക്ടോബര്‍ ഒന്നു മുതല്‍ 31 വരെയുള്ള കാലയളവില്‍ 23,24,000 അക്കൗണ്ടുകള്‍ നിരോധിക്കപ്പെട്ടു. ഉപഭോക്താക്കളുടെ പരാതിയെ തുടര്‍ന്നാണ് 23 ലക്ഷം അക്കൗണ്ടുകളിലെ ഭൂരിഭാഗം അക്കൗണ്ടുകള്‍ക്കെതിരെയും നടപടി എടുത്തത്. 8.11 ലക്ഷം അക്കൗണ്ടുകള്‍ക്ക് കമ്പനിയുടെ നിബന്ധനകള്‍ പാലിക്കാത്തതിനാലും പൂട്ട് വീഴുകയുണ്ടായി. കഴിഞ്ഞ സെപ്തംബറില്‍ നിരോധിക്കപ്പെട്ട അക്കൗണ്ടുകളുടെ കണക്ക് പരിശോധിച്ചാല്‍ ഒക്ടോബറില്‍ മാത്രം വിലക്കിയവയുടെ കണക്കുകള്‍ കുറയുന്നതായി കാണാം. 26 ലക്ഷം അക്കൗണ്ടുകളാണ് സെപ്തംബറില്‍ അടച്ചുപൂട്ടിയത്. ജൂലൈ, ജൂണ്‍ മാസങ്ങളിലും ഏകദേശം 23 ലക്ഷത്തോളം അക്കൗണ്ടുകള്‍ വാട്ട്‌സാപ്പ് നിരോധിക്കുകയുണ്ടായി.








