മുംബൈ: സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട ചെക്ക് മടങ്ങിയ കേസിൽ പാലാ എംഎൽഎയും എൻസിപി (മാണി സി. കാപ്പൻ) വിഭാഗം നേതാവുമായ മാണി സി. കാപ്പന് ഒരു വർഷം തടവ് ശിക്ഷ. കേസിൽ എംഎൽഎ പരാതിക്കാരന് 5.30 കോടി രൂപ നഷ്ടപരിഹാരമായി നൽകണമെന്നും മുംബൈ ബോറിവലി കോടതി ഉത്തരവിട്ടു. പ്രവാസി മലയാളിയായ വ്യവസായി ദിനേശ് മേനോൻ നൽകിയ പരാതിയിലാണ് വിധി. വിധി വന്ന് ഒരു മാസത്തിനകം തുക നൽകണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (കിയാൽ) ഓഹരി പങ്കാളിത്തം വാഗ്ദാനം ചെയ്ത് മൂന്ന് കോടിയലധികം രൂപ തട്ടിയെടുക്കുകയും പകരം നൽകിയ ചെക്കുകൾ മടങ്ങുകയും ചെയ്ത സംഭവത്തിലാണ് നടപടി. ആകെ നാല് കേസുകളിലാണ് ബോറിവലി കോടതി വിധി പ്രസ്താവിച്ചിരിക്കുന്നത്. 2015 മുതൽ തുടരുന്ന ദീർഘകാല നിയമപോരാട്ടത്തിനൊടുവിലാണ് നിർണ്ണായക ഉത്തരവ് പുറത്തുവന്നിരിക്കുന്നത്.
നേരത്തെ സമാനമായ തട്ടിപ്പ് കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി മാണി സി. കാപ്പനെ കുറ്റവിമുക്തനാക്കിയിരുന്നു. ഇതിനുശേഷമാണ് ദിനേശ് മേനോൻ സാമ്പത്തിക തട്ടിപ്പും ചെക്ക് കേസും ഉന്നയിച്ച് മുംബൈയിലെ ബോറിവലി കോടതിയെ സമീപിച്ചത്. കണ്ണൂർ എയർപോർട്ട് ഓഹരി നൽകാമെന്ന് വിശ്വസിപ്പിച്ച് തന്നിൽ നിന്ന് 3.25 കോടി രൂപ കൈപ്പറ്റിയെന്നും, എന്നാൽ ഓഹരി നൽകുകയോ പണം പൂർണ്ണമായി തിരിച്ചടയ്ക്കുകയോ ചെയ്യാതെ നൽകിയ ചെക്കുകൾ മടങ്ങുകയായിരുന്നു എന്നുമാണ് പരാതിക്കാരന്റെ വാദം. ഉത്തരവിനെതിരെ അപ്പീൽ നൽകാനാണ് മാണി സി. കാപ്പന്റെ നീക്കമെന്നാണ് വിവരം.








