കൊൽക്കത്ത : തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയുമായ മമതാ ബാനർജിയുടെ അനന്തരവൾ ബ്രിഷ്ടി മുഖർജിയെ (31) ബിർഭൂം ജില്ലയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. റാംപൂർഹാട്ടിലെ കുസുംബ ഗ്രാമത്തിലുള്ള വസതിയിലെ രണ്ടാം നിലയിലെ മുറിയിലാണ് ചൊവ്വാഴ്ച ഉച്ചയോടെ ബ്രിഷ്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. മമതാ ബാനർജിയുടെ അമ്മാവന്റെ മകനും പ്രാദേശിക തൃണമൂൽ നേതാവുമായ നിഹാർ മുഖർജിയുടെ മകളാണ് മരിച്ച ബ്രിഷ്ടി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സംഘം മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു.
ബംഗാളിലെ സ്‌കൂൾ കോഴക്കേസുമായി ബന്ധപ്പെട്ട് സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് സർക്കാർ ജോലി നഷ്ടപ്പെട്ടത് ഇവർക്ക് വലിയ മാനസിക ആഘാതമുണ്ടാക്കിയിരുന്നു. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇവർ കടുത്ത വിഷാദരോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് കുടുംബാംഗങ്ങൾ വ്യക്തമാക്കുന്നു. ബോൾപൂരിലെ സ്കൂളിൽ ജീവനക്കാരിയായിരുന്ന ഇവർക്ക് ജോലി നഷ്ടമായതും കുടുംബപ്രശ്നങ്ങളും വിഷാദരോഗം വർദ്ധിക്കാൻ കാരണമായെന്നാണ് ബന്ധുക്കൾ നൽകുന്ന സൂചന.
സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തിൽ സംശയാസ്പദമായി ഒന്നുമില്ലെന്നും ആത്മഹത്യാ കുറിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നും പോലീസിലെ ഉയർന്ന ഉദ്യോഗസ്ഥർ വ്യക്തമാക്കി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നതിനു ശേഷമേ മരണത്തിന്റെ യഥാർത്ഥ കാരണം കൂടുതൽ വ്യക്തമാകുകയുള്ളൂവെന്ന് അന്വേഷണ സംഘം അറിയിച്ചു.








