ന്യൂഡൽഹി : ഡൽഹിയിലെ 2.3 ലക്ഷത്തോളം വരുന്ന കുടുംബങ്ങൾക്ക് സൗജന്യമായി റൂഫ്‌ടോപ്പ് സോളാർ പാനലുകൾ നൽകുന്നതിനായി സംസ്ഥാന സൗരോർജ്ജ നയത്തിൽ ചരിത്രപരമായ ഭേദഗതികൾ വരുത്തി ഡൽഹി സർക്കാർ. മുഖ്യമന്ത്രി രേഖാ ഗുപ്തയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഡൽഹി സോളാർ പോളിസിക്ക് അംഗീകാരം നൽകിയത്. പ്രതിമാസം 400 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക. സാമ്പത്തിക ശേഷിയില്ലാത്തതിന്റെ പേരിൽ നേരത്തെ സോളാർ പാനലുകൾ സ്ഥാപിക്കാൻ കഴിയാതിരുന്ന സാധാരണക്കാർക്ക് വലിയ ആശ്വാസമാകുന്നതാണ് ഈ പദ്ധതി.
നഗരത്തിലെ 2.3 ലക്ഷം വീടുകളിൽ 3 കിലോവാട്ട് ശേഷിയുള്ള സോളാർ പാനലുകൾ സൗജന്യമായി സ്ഥാപിച്ചു നൽകാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനായി കേന്ദ്ര സർക്കാരിന്റെ ‘പിഎം സൂര്യ ഘർ’ പദ്ധതി വഴിയുള്ള 78,000 രൂപയ്ക്ക് പുറമെ, ഡൽഹി സർക്കാരും 78,000 രൂപ വീതം മൂലധന സബ്‌സിഡിയായി അനുവദിക്കും. സോളാർ സംവിധാനം സ്ഥാപിക്കുന്നതിനുള്ള അധിക തുകയും സർക്കാരാണ് വഹിക്കുന്നത്. ഇതിനുപുറമെ സോളാർ പാനലുകളുടെ അഞ്ച് വർഷത്തേക്കുള്ള പരിപാലനവും പ്രവർത്തനച്ചുമതലയും പൂർണ്ണമായും ഡൽഹി സർക്കാർ തന്നെ വഹിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
2027 മാർച്ച് മാസത്തോടെ പദ്ധതി പൂർണ്ണമായി നടപ്പിലാക്കാനാണ് ഭരണകൂടം തയാറെടുക്കുന്നത്. 10 കിലോവാട്ട് വരെയുള്ള സൗരോർജ്ജ സംവിധാനങ്ങൾ സ്ഥാപിക്കുന്നതിന് ഇനി മുതൽ രജിസ്ട്രേഷൻ ഫീസോ അപേക്ഷാ ഫീസോ ഈടാക്കില്ല. കൂടാതെ നെറ്റ് മീറ്ററിംഗ് അനുവദിക്കുന്നതിനുള്ള സമയപരിധി 75 ദിവസത്തിൽ നിന്നും 25 ദിവസമായി കുറയ്ക്കാനും തീരുമാനമായിട്ടുണ്ട്. ഡൽഹിയെ പരിസ്ഥിതി സൗഹൃദ നഗരമാക്കാനും വൈദ്യുതി ഉത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കാനുമുള്ള ‘ഗ്രീൻ ഡൽഹി’ മുൻകൈയുടെ ഭാഗമായാണ് ഈ തീരുമാനം.








