തിരുവനന്തപുരം: പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ കഴിഞ്ഞ ദിവസം മലയിന്‍കീഴ് പോലീസിന്റെ പിടിയിലായ ഡിവൈഎഫ്‌ഐ നേതാവ് ജെ ജിനേഷിന്റെ ഫോണില്‍ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍. മുപ്പതോളം സ്ത്രീകളുമായുള്ള ലൈംഗിക ബന്ധങ്ങളുടെ ദൃശ്യങ്ങളാണ് ഇയാളുടെ ഫോണില്‍ നിന്ന് കണ്ടെത്തിയത്. കത്തി, വാള്‍ അടക്കമുള്ള മാരാകയുധങ്ങള്‍ ഉപയോഗിക്കുന്നതിന്റെയും വീഡിയോ ഇയാളുടെ ഫോണില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. നാട്ടില്‍ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന ജിനേഷ് ലഹരി ഉപയോഗിക്കുന്നതിന്റെയും പെണ്‍കുട്ടികള്‍ക്ക് അടക്കം ലഹരി നല്‍കുന്നതിന്റെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ജിനേഷിന്റെ ഫോണ്‍ പോലീസ് വിദഗ്ധമായ സാങ്കേതിക പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
ഡിവൈഎഫ്‌ഐയുടെ വിളവൂര്‍ക്കല്‍ മേഖല പ്രസിഡന്റാണ് ജിനേഷ്. മലയിന്‍കീഴ് നിന്നും കാണാതായ പെണ്‍കുട്ടിയെ തേടിയുള്ള അന്വേഷണമാണ് ജിനേഷ് എന്ന പകല്‍മാന്യന്റെ മുഖംമൂടി വലിച്ചുകീറാന്‍ സഹായിച്ചത്. നാട്ടില്‍ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തിരുന്ന ഇയാള്‍ ലഹരി ഉപയോഗിക്കുകയും പെണ്‍കുട്ടികള്‍ക്കടക്കം വിതരണം ചെയ്തതായും പോലീസിന് വിവരം കിട്ടിയിട്ടുണ്ട്. സ്ത്രീകളുമായി ശാരീരികബന്ധത്തില്‍ ഏര്‍പ്പെടുന്നതിന്റെ വീഡിയോകള്‍ ഫോണില്‍ പകര്‍ത്തി ഈ ദൃശ്യങ്ങള്‍ ഉപയോഗിച്ച് അവരെ ബ്ലാക്ക്‌മെയില്‍ ചെയ്യുക എന്ന ലക്ഷ്യത്തോടെയായിരിക്കും ഇയാള്‍ ഫോണില്‍ മുപ്പതോളം സ്ത്രീകളുടെ വീഡിയോകള്‍ സൂക്ഷിച്ചിരിക്കുക എന്നാണ് കരുതുന്നത്.
മലയിന്‍കീഴ് നിന്ന് കാണാതായ പെണ്‍കുട്ടിയെ ജിനേഷ് അടക്കം ഏഴോളം പേര്‍ ലൈംഗിക പീഡനത്തിനിരയാക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. ഇതില്‍ ഒരാള്‍ മൈനറാണ്. പെണ്‍കുട്ടിയെ സാമൂഹ്യമാധ്യമത്തിലൂടെ പരിചയപ്പെട്ട് പീഡനത്തിരയാക്കിയവര്‍ക്ക് വിവരങ്ങള്‍ കൈമാറിയ സുമേജ് എന്നയാളെയും സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചു. സുമേജിനെ കാണാനായി വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടിയെ പ്രതികള്‍ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു.








