തിരുവനന്തപുരം: സംസ്ഥാന സര്‍വ്വകലാശാലകളിലെ ചാന്‍സലര്‍ പദവിയില്‍ നിന്നും ഗവര്‍ണറെ നീക്കം ചെയ്യുന്നതിനുള്ള സര്‍വ്വകലാശാല ഭേദഗതി ബില്‍ നിയമസഭയില്‍. നിയമമന്ത്രിയാണ് ബില്‍ അവതരിപ്പിച്ചത്. ബില്ലിനെ പ്രതിപക്ഷം എതിര്‍ത്തു. വേണ്ടത്ര തയ്യാറെടുപ്പുകള്‍ ഇല്ലാതെയാണ് ബില്‍ കൊണ്ടുവന്നതെന്നും കേന്ദ്ര നിയമത്തിനു വിരുദ്ധമായ സര്‍ക്കാര്‍ നിയമം നിലനില്‍ക്കില്ലെന്നും സുപ്രീംകോടതി ഉത്തരവ് ചൂണ്ടിക്കാണിച്ച് കൊണ്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.
ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്നും നീക്കാന്‍ നിയമസഭയ്ക്ക് അധികാരമുണ്ടെങ്കിലും ബില്‍ മുന്നോട്ടുവെക്കുന്ന പകരം സംവിധാനത്തില്‍ പാകപ്പിഴകളുണ്ടെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. ചാന്‍സലര്‍ ഒഴിവില്‍ പ്രോ വൈസ് ചാന്‍സലര്‍ക്ക് താത്കാലിക അധികാരം നല്‍കാമെന്ന പകരം നിര്‍ദ്ദേശമാണ് ബില്‍ മുന്നോട്ടുവെക്കുന്നത്. എന്നാല്‍ ചാന്‍സലറുടെ കാലാവധി മാത്രമേ പ്രോ വൈസ് ചാന്‍സലര്‍ക്കും ഉള്ളൂ എന്ന് യുജിസി നിയമത്തില്‍ പറയുന്നുണ്ട്. അതിനാല്‍ ചാന്‍സലര്‍ ഇല്ലാതായാല്‍ സ്വാഭാവികമായും പ്രോ വൈസ് ചാന്‍സലര്‍ ഇല്ലാതാകും. അപ്പോള്‍ ബില്ലില്‍ പറയുന്ന പകരം സംവിധാനം അപ്രസക്തമാകും. യുജിസി നിയമത്തിന് വിരുദ്ധമായി ഒരു സംസ്ഥാനത്ത് നിയമമുണ്ടെങ്കില്‍ യുജിസി നിയമത്തിനാണ് മുന്‍ഗണനയെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. വിസിമാരുടെ പുറത്താക്കലുമായി ബന്ധപ്പെട്ട് നാമിത് കണ്ടതുമാണ്. കേന്ദ്ര നിയമത്തിനെതിരെ സംസ്ഥാന നിയമം നിലനില്‍ക്കില്ലെന്ന് ഓര്‍മ്മിപ്പിച്ച് കൊണ്ട് വി ഡി സതീശന്‍ പറഞ്ഞു.
പുതിയതായി നിയമിക്കപ്പെടുന്ന ചാന്‍സലറുടെ ഓഫീസ് ആയിരിക്കും സര്‍വ്വകലാശാലയുടെ കാര്യാലയം എന്നാണ് സര്‍വ്വകലാശാല ഭേദഗതി ബില്ലില്‍ പറയുന്നത്. സര്‍വ്വകലാശാലയുടെ ഫണ്ടില്‍ നിന്ന് ചാന്‍സലര് ഓഫീസിന്റെ ചിലവുകള്‍ വഹിക്കേണ്ടി വരും. ചാന്‍സലറുടെ നിയമന അധികാരി മന്ത്രിസഭയാണ്.
Discussion about this post