ന്യൂഡെല്‍ഹി: കാപ്പി കുടിക്കാന്‍ ജഡ്ജിമാര്‍ കാന്റീനില്‍ എന്ന വാര്‍ത്ത കാണുമ്പോള്‍ അതിലെന്താ ഇത്ര അത്ഭുതം, കാപ്പി കുടിക്കാന്‍ കാന്റീനില്‍ പോകുന്നത് സ്വാഭാവികമല്ലേ എന്ന് കരുതുന്നവരുണ്ടാകും. എന്നാല്‍ കോടതി രീതികളും അവിടുത്തെ ചിട്ടവട്ടങ്ങളുമൊക്കെ പരിചയമുള്ളവര്‍ അതുകേട്ട് ചിലപ്പോള്‍ അത്ഭുതം കൂറും. അത്തരമൊരു സംഭവമാണ് ഇന്ന് സുപ്രീംകോടതി കാന്റീനില്‍ അരങ്ങേറിയത്.
സുപ്രീംകോടതി ജഡ്ജിമാരായ ബി ആര്‍ ഗവായിയും വിക്രം നാഥും അപ്രതീക്ഷിതമായി കാപ്പി കുടിക്കാന്‍ കാന്റീനിലെത്തി. മുതിര്‍ന്ന അഭിഭാഷകരായ ഇന്ദിര ജെയ്‌സിംഗിന്റെയും ആനന്ദ് ഗ്രോവറിന്റെയും ടേബിളില്‍ അവര്‍ക്കൊപ്പമിരുന്ന് ദീര്‍ഘനേരം കാന്റീനില്‍ സമയം ചിലവഴിച്ചു. എന്നാല്‍ കാന്റീനിലെ വിരുന്നുകാരെ കണ്ട് മറ്റ് അഭിഭാഷകര്‍ അത്ഭുതത്തോടെ അടക്കം പറഞ്ഞു.
അടുത്തിടെയായി ഇത്തരം ചില മാറ്റങ്ങള്‍ സുപ്രീംകോടതി വളപ്പില്‍ കാണുന്നുണ്ടെന്നാണ് ചില വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയ ഡി വൈ ചന്ദ്രചൂഢ് കോടതി വളപ്പില്‍ നടക്കുകയും അഭിഭാഷകരുമായി സംസാരിക്കുകയും ചെയ്യാറുണ്ട്.
സാധാരണയായി ജഡ്ജിമാര്‍ കോടതിയില്‍ എത്തിയാല്‍ എപ്പോഴും അവരുടെ ചേംബറുകളില്‍ തന്നെ ഇരിക്കാറാണ് പതിവ്. ഭക്ഷണം കഴിക്കുന്നത് പോലും ചേബംറില്‍ വെച്ചാണ്.








