പത്തനംതിട്ട: ശബരിമലയില്‍ എത്തുന്ന ഭക്തജനങ്ങള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രി ഈ നിര്‍ദേശം മുന്നോട്ടു വെച്ചത്.
ശബരിമല തീര്‍ത്ഥാടകര്‍ക്ക് സംത്യപ്തമായ ദര്‍ശനം ഒരുക്കുകയാണ് പ്രധാനം. അവര്‍ക്ക് പ്രയാസമില്ലാതെ പതിനെട്ടാം പടി കയറി സന്നിധാനത്ത് എത്താനും ദര്‍ശനം നടത്താനുമുള്ള ക്രമീകരണം നടത്തണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. ദര്‍ശന സമയം വര്‍ധിപ്പിച്ചത് കൂടുതല്‍ പേര്‍ക്ക് അവസരമൊരുക്കിയെന്ന് പറഞ്ഞ മുഖ്യമന്ത്രി വാഹന പാര്‍ക്കിംഗ് സൗകര്യം വര്‍ധിപ്പിക്കാന്‍ പത്തനംതിട്ട ജില്ലാ ഭരണ സംവിധാനവും ദേവസ്വം ബോര്‍ഡും കൃത്യമായ നടപടികള്‍ കൈക്കൊള്ളണമെന്നും പറഞ്ഞു. നിലയ്ക്കലിലുള്ള പാര്‍ക്കിംഗ് സൗകര്യം വര്‍ധിപ്പിച്ചതോടെ 17 മൈതാനങ്ങളിലായി 6500 വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാനാകും. ദേവസ്വം മന്ത്രി ആഴ്ചയിലൊരിക്കല്‍ ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ അവലോകനം നടത്തും.
Discussion about this post