വാഷിംഗ്ടണ്‍: അമേരിക്കയിലെ അരിസോണയില്‍ തണുത്തുറഞ്ഞ തടാകത്തിന് മുകളിലൂടെ നടന്ന ഒരു സ്ത്രീ ഉള്‍പ്പടെ മൂന്ന് ഇന്ത്യന്‍ വംശജര്‍ ഐസിനിടയിലൂടെ വീണ് വെള്ളത്തില്‍ മുങ്ങിമരിച്ചു. ക്രിസ്തുമസ് ദിനത്തില്‍ അരിസോണയിലെ കോകോനിനോ കൗണ്ടിയിലുള്ള വുഡ്‌സ് കാനിയോണ്‍ തടാകത്തിലാണ് ദൗര്‍ഭാഗ്യകരമായ സംഭവം നടന്നത്.
നാരായണ മുദ്ദണ്ണ(49), ഗോകുല്‍ മെഡിസേതി(47), ഹരിത മുദ്ദണ്ണ എന്നിവരാണ് മരിച്ചത്. അരിസോണയിലെ ചാന്‍ഡ്‌ലറിലാണ് ഇവര്‍ താമസിച്ചിരുന്നതെന്നും ഇന്ത്യയില്‍ നിന്നുള്ളവരാണെന്നും കോകോനിനോ കൗണ്ടി ഷെറീഫിന്റെ ഓഫീസ് ചൊവ്വാഴ്ച സ്ഥിരീകരിച്ചു. ഫീനിക്‌സിന്റെ പ്രാന്തപ്രദേശത്തുള്ള സ്ഥലമാണ് ചാന്‍ഡ്‌ലര്‍.
വെള്ളത്തില്‍ മുങ്ങി ഉടനെ തന്നെ ഹരിതയെ പുറത്തെടുത്ത് ജീവന്‍ രക്ഷാ സഹായം നല്‍കിയെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. നാരായണയ്ക്കും മെഡിസേതിക്കും വേണ്ടി തിരച്ചില്‍ നടത്തിയെങ്കിലും ചൊവ്വാഴ്ചയോടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
അപ്പാച്ചെ-സിറ്റ്ഗ്രീവ്‌സ് ദേശീയവനത്തില്‍ പയ്‌സണിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ സ്ഥിതിചെയ്യുന്ന വുഡ്‌സ് കാനിയണ്‍ തടാകം പര്‍വ്വതാരോഹകരുടെയും സാഹസികത ഇഷ്ടപ്പെടുന്നവരുടെയും പ്രിയപ്പെട്ട ഇടമാണ്.
വടക്കേ അമേരിക്കയില്‍ അനുഭവപ്പെടുന്ന കഠിനമായ ശീതക്കാറ്റില്‍ ദശലക്ഷക്കണക്കിന് അമേരിക്കക്കാരും കാനഡക്കാരുമാണ് ദുരിതങ്ങള്‍ അനുഭവിക്കുന്നത്. അന്തരീക്ഷ മര്‍ദ്ദം കുത്തനെ താഴുന്നത് മൂലം മഞ്ഞും ശക്തമായ കാറ്റും മാരകമായ തണുപ്പും ഉണ്ടാകുന്ന ബോംബ് ചക്രവാതമെന്ന അവസ്ഥയിലൂടെയാണ് മേഖല കടന്നുപോകുന്നത്. ഏതാണ്ട് 250 ദശലക്ഷം ആളുകളെയാണ് ഈ അവസ്ഥ ബാധിച്ചിരിക്കുന്നത്. ഇതുവരെ 250ഓളം പേര്‍ മരണപ്പെട്ടുവെന്നാണ് കണക്ക്.
Discussion about this post