പത്തനംതിട്ട: പ്രണയബന്ധത്തിൽ നിന്നും പിൻമാറിയ പെൺകുട്ടിയെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമം. സംഭവത്തിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. പത്തനംതിട്ട തിരുവല്ല കോട്ടത്തോട് മഠത്തിൽ പറമ്പിൽ വീട്ടിൽ വിഷ്ണു(26),കോട്ടത്തോട് വാഴക്കുന്നിൽ അക്ഷയ്(25) എന്നിവരാണ് പിടിയിലായത്. കോയിപ്രം സ്വദേശിയായ യുവതിയെ ആണ് ഇവർ കൊലപ്പെടുത്താൻ ശ്രമിച്ചത്.
ഇന്നലെ വൈകീട്ടോടെയാണ് സംഭവം നടന്നത്. തുകലശ്ശേരി മാക്ഫാസ്റ്റ് കോളേജിന് സമീപത്ത് വച്ചാണ് ആക്രമണം ഉണ്ടായത്. തിരുവല്ലയ്ക്കു സമീപം സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തു വരുന്ന പെൺകുട്ടി തുകലശേരിയിലുള്ള മാതൃസഹോദരിയുടെ വീട്ടിലാണ് താമസിക്കുന്നത്. ജോലി കഴിഞ്ഞ് മടങ്ങി വരുന്നതിനിടെ പെൺകുട്ടിയെ വിഷ്ണു മദ്യലഹരിയിൽ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
വിഷ്ണുവും യുവതിയും തമ്മിൽ രണ്ടു വർഷമായി പ്രണയത്തിലായിരുന്നു. 2 മാസം മുൻപ് പെൺകുട്ടി ഈ ബന്ധത്തിൽനിന്നും പിൻമാറിയതാണ് പകയ്ക്ക് കാരണം എന്ന് പോലീസ് വ്യക്തമാക്കി.











