ദുബായ്: യുഎഇയില്‍ ബിസിനസ് ആരംഭിക്കുന്നതിന് വേണ്ട ഏറ്റവും കുറഞ്ഞ പ്രായം പതിനെട്ട് വയസായി കുറച്ചു. വാണിജ്യ ഇടപാടുകളുമായി ബന്ധപ്പെട്ട പുതിയ നിയമപ്രകാരമാണ് ബിസിനസ് ആരംഭിക്കുന്നതിന് ഏറ്റവും കുറഞ്ഞ പ്രായം പതിനെട്ട് വയസായി കുറച്ചത്. രാജ്യത്തെ ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്തുക, അതിന് പിന്തുണ നല്‍കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സാമ്പത്തിക മന്ത്രാലയം നിയമ പരിഷ്‌കരണം നടത്തിയിരിക്കുന്നത്.
രാജ്യത്ത് നിയമപരമായി ബിസിനസ് ഇടപാടുകള്‍ നടത്തുന്നതിനുള്ള പ്രായം പതിനെട്ടാക്കി കുറച്ചതിന് പുറമേ ബിസിനസുകള്‍ക്ക് നിക്ഷേപം അനുവദിക്കുന്നതടക്കം കൂടുതല്‍ വളര്‍ച്ചയ്ക്കുള്ള സാധ്യതകള്‍ ഒരുക്കുന്നതിന് ബാങ്കിംഗ് സ്ഥാപനങ്ങള്‍ക്ക് വാണിജ്യ ഇടപാടുകള്‍ നടത്താന്‍ നിയമത്തിന്റെ സംരക്ഷണമേകുക, വളര്‍ച്ചയുടെ പ്രധാന സ്രോതസ്സായി കണ്ടുകൊണ്ട് ഇസ്ലാമിക് ബാങ്കിംഗിന് കൂടുതല്‍ പിന്തുണയേകുക, സാമ്പത്തിക വിപണികള്‍ ആരംഭിക്കുന്നതടക്കും അവയുമായി ബന്ധപ്പെട്ട നിയമ വകുപ്പുകള്‍ പരിഷ്‌കരിക്കുക, സാങ്കേതികരംഗത്തെ ബിസിനസുകള്‍, ഡിജിറ്റല്‍ മേഖലയുമായി ബന്ധപ്പെട്ട വാണിജ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് കൂടുതല്‍ പിന്തുണ നല്‍കുക തുടങ്ങിയവയ്ക്കാണ് പുതിയ നിയമം ഊന്നല്‍ നല്‍കിയിരിക്കുന്നത്.
വാണിജ്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി അബ്ദുള്ള അല്‍ സലേഹ് ആണ് പുതിയ നിയമത്തിന്റെ ലക്ഷ്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിച്ചത്. എമിറേറ്റ്‌സ് സെന്‍ട്രല്‍ ബാങ്ക് അസിസ്റ്റന്റ് ഗവര്‍ണര്‍ ഇബ്രാഹിം അല്‍ സാബി, സെക്യൂരിറ്റീസ് ആന്‍ഡ് കമോഡിറ്റീസ് അതോറിറ്റി സിഇഒ ഡോ.മറിയം അല്‍ സുവൈദി എന്നിവരും മാധ്യമ സമ്മേളനത്തില്‍ പങ്കെടുത്തു.








