ന്യൂഡൽഹി: ജന്മദിന ആഘോഷത്തിൽ നടന്ന വെടിവയ്പ്പിനിടെ 37കാരന് ഗുരുതര പരിക്ക്. ഡൽഹിയിൽ ഫത്തേപൂർ ബേരിയിലാണ് സംഭവം. പ്രമോദ് എന്നയാൾക്കാണ് വെടിയേറ്റത്. കണ്ണിന് താഴെ ഗുരുതരമായി പരിക്കേറ്റ ഇയാളെ എയിംസിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അയൽവാസിയുടെ കുട്ടിയുടെ ജന്മദിന ആഘാഷത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു പ്രമോദ്. ഇതിനിടെ എട്ടോളം പേർ ഒരുമിച്ച് സന്തോഷസൂചകമായി വെടിയുതിർക്കുന്നുണ്ടായിരുന്നു. ഇതിനിടെ രൺപാൽ എന്നയാളുടെ തോക്കിൽ നിന്നും വെടിയുണ്ട അബദ്ധത്തിൽ പ്രമോദിന്റെ കണ്ണിന് താഴെ പതിക്കുകയായിരുന്നു.
പ്രമോദിന് വെടിയേറ്റിട്ടും രൺപാൽ വീണ്ടും രണ്ട് തവണ കൂടി വെടിയുതിർത്തതായി പ്രമോദിന്റെ സഹോദരൻ വിനോദ് പറഞ്ഞു. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.









