വെസ്റ്റ് ഇൻഡീസ് ബാറ്റർ ഷായ് ഹോപ്പിന് വരുന്ന ഐ.പി.എൽ ലേലത്തിൽ മികച്ച ആവശ്യക്കാരുണ്ടാകുമെന്നും റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു (ആർ.സി.ബി) താരത്തെ ടീമിലെത്തിക്കാൻ സാധ്യതയുണ്ടെന്നും മുൻ ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ. ഇന്ത്യക്കെതിരായ നാലാം ട്വന്റി-20 മത്സരത്തിൽ 50 പന്തിൽ പുറത്താകാതെ 102 റൺസ് നേടി വെസ്റ്റ് ഇൻഡീസിനെ വിജയത്തിലേക്ക് നയിച്ച ഹോപ്പിന്റെ തകർപ്പൻ പ്രകടനത്തിന് പിന്നാലെയാണ് അശ്വിന്റെ പ്രതികരണം. തന്റെ യൂട്യൂബ് ചാനലായ ‘ആഷ് കി ബാത്തി’ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫിൽ സാൾട്ട്, ജേക്കബ് ബെഥെൽ എന്നിവർ ആർ.സി.ബിക്കൊപ്പമുണ്ടെങ്കിലും മറ്റൊരു മികച്ച വിദേശ ഓപ്ഷനായി ഷായ് ഹോപ്പിനെ അവർ പരിഗണിച്ചേക്കാമെന്ന് അശ്വിൻ നിരീക്ഷിച്ചു. ഐ.പി.എൽ കളിക്കാൻ എല്ലാ യോഗ്യതയുമുള്ള താരമാണ് ഹോപ്പെന്നും ലേലത്തിൽ ടീമുകൾ താരത്തിനായി രംഗത്തെത്തുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എങ്കിലും മിക്ക ഐ.പി.എൽ ടീമുകളുടെയും ഓപ്പണിങ് സഖ്യങ്ങൾ നിലവിൽ ഭദ്രമാണെന്നത് ഹോപ്പിന് തിരിച്ചടിയായേക്കാമെന്നും അശ്വിൻ ചൂണ്ടിക്കാട്ടി. ഒന്നാം നിര ഇലവനിൽ സ്ഥാനം ലഭിക്കുക എളുപ്പമല്ലെന്നിരിക്കെ, മൂന്നാം നമ്പരിലോ നാലാം നമ്പരിലോ മിഡിൽ ഓർഡർ ബാറ്ററായി താരത്തെ പരിഗണിക്കേണ്ടി വരും. എന്നാൽ ഈ റോളുകൾക്ക് ഹോപ്പ് എത്രത്തോളം അനുയോജ്യനാണെന്നത് ചിന്തിക്കേണ്ട കാര്യമാണെന്നും ടീമുകളുടെ ഘടനയ്ക്കനുസരിച്ചായിരിക്കും താരത്തിന്റെ ലേല തുക നിശ്ചയിക്കപ്പെടുകയെന്നും അദ്ദേഹം പറഞ്ഞു. മുൻപ് 2024 സീസണിൽ ഡൽഹി ക്യാപിറ്റൽസിനായി ഒൻപത് മത്സരങ്ങൾ കളിച്ചിട്ടുള്ള ഹോപ്പ് 150 സ്ട്രൈക്ക് റേറ്റിൽ 183 റൺസ് നേടിയിട്ടുണ്ട്. മത്സരത്തിൽ ഹോപ്പിന്റെ സെഞ്ചുറി കരുത്തിൽ വിൻഡീസ് ഉയർത്തിയ 247 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 223 റൺസിന് പുറത്താവുകയായിരുന്നു.










