ജയ്പൂർ: കോൺഗ്രസ് പാർട്ടിക്കുള്ളിലേക്ക് വലിയൊരു വൈറസ് കയറിക്കൂടിയിട്ടുണ്ടെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. രാജസ്ഥാനിൽ അശോക് ഗെഹ്ലോട്ടും സച്ചിൻ പൈലറ്റും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നതിനിടെയാണ് ഗെഹ്ലോട്ടിന്റെ പരാമർശം. കഴിഞ്ഞ ദിവസം എംപ്ലോയീസ് യൂണിയൻ പ്രതിനിധികളുമായി ചർച്ചയ്ക്കിടെയായിരുന്നു പരാമർശം. സച്ചിൻ പൈലറ്റിനെക്കുറിച്ചാണ് ഗെഹ്ലോട്ടിന്റെ പരാമർശം എന്നാരോപിച്ച് പൈലറ്റിന്റെ അനുകൂലികളും ഗെഹ്ലോട്ടിനെതിരെ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.
” നേരത്തെ നമ്മുടെ മീറ്റിംഗ് നടത്തിയ സമയത്തായിരുന്നു കൊറോണ വന്നത്. ഇപ്പോൾ ഒരു വലിയ കൊറോണ വൈറസ് കോൺഗ്രസ് പാർട്ടിക്കുള്ളിലും ഉണ്ടെന്നായിരുന്നു” പരാമർശം. സച്ചിൻ പൈലറ്റ്, സംസ്ഥാന സർക്കാരിനെതിരെ നടത്തുന്ന വിമർശനങ്ങൾക്കുള്ള മറുപടിയാണിതെന്നും വിലയിരുത്തപ്പെടുന്നുണ്ട്. 2018ൽ സർക്കാർ അധികാരലെത്തിയത് മുതൽ ഗെഹ്ലോട്ടും സച്ചിൻ പൈലറ്റും തമ്മിൽ കടുത്ത തർക്കത്തിലായിരുന്നു. കോണ്‍ഗ്രസ് കേന്ദ്രനേതൃത്വമുൾപ്പെടെ വിഷയത്തിൽ പരിഹാരം കാണാൻ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല.










