ചെന്നൈ: വളർത്തുനായയെ പട്ടിയെന്ന് അഭിസംബോധന ചെയ്തയാളെ കൊലപ്പെടുത്തി ഉടമസ്ഥൻ. അയൽവാസിയായ 62 കാരനായ രായപ്പനെയാണ് പട്ടിയുടെ ഉടമസ്ഥർ മർദ്ദിച്ച് കൊന്നത്. തമിഴ്‌നാട്ടിലാണ് സംഭവം. ദിണ്ഡിഗൽ സ്വദേശിയായ രായപ്പനെ കൊന്ന കേസിൽ പട്ടിയുടെ ഉടമസ്ഥരായ നിർമല ഫാത്തിമ റാണി, മക്കളായ ഡാനിയേൽ, വിൻസെന്റ് എന്നിവരെ പോലീസ് പിടികൂടി. ഡാനിയേലാണ് മർദിച്ചതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
വളർത്തു നായയെ ഒരിക്കലും പട്ടിയെന്ന് വിളിക്കരുതെന്ന് പ്രതികൾ ആവശ്യപ്പെട്ടിരുന്നു. നായയ്ക്ക് ഓമന പേരുണ്ടെന്നും അത് മാത്രമേ വിളിക്കാവൂ എന്നായിരുന്നു ആവശ്യം. എന്നാൽ വളർത്തുനായയെ കെട്ടിയിടാത്തത് രായപ്പൻ ചോദ്യംചെയ്തിരുന്നു.
സംഭവദിവസം കൃഷിയിടത്തിലേക്ക് പോവുകയായിരുന്ന കൊച്ചുമകനോട് കൈയിൽ ഒരു വടി കരുതണമെന്നും പട്ടി ഉണ്ടാകുമെന്നും രായപ്പൻ പറഞ്ഞു. ഇത് കേട്ട ഡാനിയേൽ, തന്റെ വളർത്തുനായയെ വീണ്ടും നായയെന്ന് വിളിച്ചതിൽ പ്രകോപിതനായി. തുടർന്ന് രായപ്പനെ മർദിക്കുകയും നെഞ്ചിൽ ഇടിക്കുകയും ചെയ്തെന്നാണ് പരാതി. അടിയേറ്റ് വീണ രായപ്പൻ സംഭവസ്ഥലത്തുതന്നെ മരിച്ചു.
Discussion about this post