മരണത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട, അല്ലെങ്കിൽ ആരെങ്കിലും രക്ഷിച്ച സംഭവങ്ങൾ പലർക്കും അനുഭവമുണ്ടാകും. അങ്ങനെയൊരു റിയൽ ഹീറോ ഉണ്ടാവുന്നതും സാധാരണയാണ്. എന്നാൽ ഇവിടെ ഒരു കുടുംബത്തെ മുഴുവൻ രക്ഷിച്ച് ഹീറോയായത് എലിയാണെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ. അതേ ഒരു എലിയാണ് കുടുംബത്തെ മരണത്തിൽ നിന്ന് രക്ഷിച്ചത്.
രാജസ്ഥാനിലെ ധോൽപൂർ ജില്ലയിലാണ് സംഭവം. രാജ്‌ഖേഡ പ്രദേശത്തെ സിക്രോഡ ഗ്രാമത്തിൽ ഇരുനില വീടിന്റെ ഒരു ഭാഗം പെട്ടെന്ന് തകർന്നു വീഴുകയായിരുന്നു. ജയപ്രകാശ്, നിഹാൽ സിംഗ്, ഇന്ദിര, ബബിത, ബന്ധു നത്തിലാൽ പുറൈനി എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്. സംഭവം നടക്കുന്നതിന് മിനിറ്റുകൾക്ക് മുൻപ് എല്ലാവരും വീട്ടിൽ ഉറങ്ങുകയായിരുന്നു.
ഉറങ്ങി കിടന്ന ഒരാളുടെ മുകളിലേക്ക് എലി വീണു. ഈ ശബ്ദം കേട്ട് പരിഭ്രാന്തരായ വീട്ടുകാരെല്ലാവരും പുറത്തേയ്ക്ക് ഓടിയതോടെ വീടിന്റെ ഒരു ഭാഗം പെട്ടെന്ന് തകർന്നു വീണു. പുറത്ത് പോയി ഇയാൾ വളർത്തുമൃഗങ്ങളെയെല്ലാം കെട്ടഴിച്ച് വിട്ടു. പിന്നാലെയാണ് വീട് മുഴുവൻ തകർന്നുവീണത്. അപകടത്തിൽ വീടിന് നിരവധി കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. എന്നാൽ കുടുംബത്തിലെ ആർക്കും അപകടത്തിൽ പരിക്കില്ല.








