ചീഫ് ഇലക്ഷൻ കമ്മിഷണർ ജ്ഞാനേഷ് കുമാറിനെതിരെ ഇന്ത്യാ ബ്ലോക്ക് നവംബർ 1ന് സംഘടിപ്പിക്കുന്ന റാലിക്ക് കോക്രോച്ച് ജനതാ പാർട്ടി പിന്തുണ പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് സംവിധാനത്തിലെ സുതാര്യത, വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ, തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രവർത്തനം എന്നിവയെക്കുറിച്ച് പ്രതിപക്ഷം ഉന്നയിക്കുന്ന ആശങ്കകൾക്ക് പിന്തുണ നൽകുന്നതായാണ് പാർട്ടി അറിയിച്ചത്. ജനാധിപത്യത്തിൽ ജനങ്ങളാണ് സർക്കാരിനെ തിരഞ്ഞെടുക്കേണ്ടതെന്നും എന്നാൽ ഇവിടെ സർക്കാർ വോട്ടർമാരെ തിരഞ്ഞെടുക്കുന്ന അവസ്ഥയാണെന്നും കോക്ക്റോച്ച് ജനതാ പാർട്ടി കുറ്റപ്പെടുത്തി. പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെ സമരം ജയിപ്പിക്കാൻ ആഹ്വാനം ചെയ്തു. വോട്ടർ പട്ടികയിലെ ഈ പ്രത്യേക പരിശോധന പൗരന്മാരുടെ അവകാശങ്ങളെ കവരുന്ന രീതിയിലാണെന്ന് പാർട്ടി പ്രസ്താവനയിൽ ആരോപിക്കുന്നു. സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാൻ ഏത് സംഘടനയോടും ഒപ്പം നിൽക്കുമെന്നും അവർ വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനങ്ങളും നടപടികളും സംബന്ധിച്ച് പ്രതിപക്ഷ പാർട്ടികൾ അടുത്തിടെ ശക്തമായ വിമർശനം ഉന്നയിച്ചിരുന്നു. വോട്ടർ പട്ടിക പുതുക്കൽ, വോട്ടർമാരുടെ അവകാശങ്ങൾ, തിരഞ്ഞെടുപ്പ് നടപടികളിലെ വിശ്വാസ്യത എന്നിവയിൽ വ്യക്തത വേണമെന്നാണ് ഇന്ത്യാ ബ്ലോക്കിന്റെ ആവശ്യം. ചീഫ് ഇലക്ഷൻ കമ്മിഷണർ ജ്ഞാനേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള കമ്മിഷൻ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് മതിയായ മറുപടി നൽകുന്നില്ലെന്നും നേതാക്കൾ ആരോപിച്ചു. ഈ വിഷയങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനാണ് നവംബർ 1ലെ റാലിയിലൂടെ ലക്ഷ്യമിടുന്നത്.
ഇൻഡി സഖ്യത്തിന്റെ പരിപാടിക്ക് കോക്രോച്ച് ജനതാ പാർട്ടി പിന്തുണ നൽകുന്നത് പുതിയ രാഷ്ട്രീയ സന്ദേശമായി വിലയിരുത്തപ്പെടുന്നു. ചെറിയ പാർട്ടികളെയും പ്രാദേശിക സംഘടനകളെയും ഒപ്പം നിർത്തി തിരഞ്ഞെടുപ്പ് പരിഷ്കാരങ്ങൾക്കായുള്ള പ്രചാരണം ശക്തമാക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. അതേസമയം, തിരഞ്ഞെടുപ്പ് കമ്മിഷന്റെ സ്വാതന്ത്ര്യവും വിശ്വാസ്യതയും സംരക്ഷിക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണെന്ന് ഭരണപക്ഷം പ്രതികരിച്ചു.








