കേരള ഹൗസില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ കേന്ദ്ര ആഭ്യന്തരമന്തി രാജ്നാഥ് സിങ് ഖേദം പ്രകടിപ്പിച്ചു. വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി ചര്‍ച്ച നടത്തും. ജാഗ്രത പാലിക്കാന്‍ ഡല്‍ഹി പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാജ പരാതി നല്‍കിയവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും രാജ്നാഥ് സിംഗ് അറിയിച്ചു. ഒരു ഇംഗ്ലീഷ് ചാനലിനു നല്കിയ അഭിമുഖത്തിലാണ് രാജ്നാഥ് സിങ് ഖേദം പ്രകടിപ്പിച്ചത്.
അതേസമയം, സംഭവത്തില്‍ വീഴ്ചയുണ്ടായെന്ന് ഡല്‍ഹി പൊലീസ് പരോക്ഷമായി സമ്മതിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരുകളുടെ അതിഥി മന്ദിരങ്ങളില്‍ പൊലീസ് പ്രവേശിക്കുമ്പോള്‍ റസിഡന്റ്സ് കമ്മിഷണറുടെ അനുമതി വേണമെന്ന നിര്‍ദേശമടങ്ങിയ മാര്‍ഗരേഖ സീനിയര്‍ പൊലീസ് കമ്മിഷണര്‍ പുറത്തിറക്കി.
ഡല്‍ഹി കേരള ഹൗസില്‍ ഗോമാംസം വിറ്റെന്ന വ്യാജപരാതി നല്‍കിയതിന് പൊലീസ് അറസ്റ്റുചെയ്ത ഹിന്ദു സേന നേതാവ് വിഷ്ണു ഗുപ്തയെ നാലു ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. സ്പെഷ്യല്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ അധികാരമുള്ള ന്യൂഡല്‍ഹി മന്ദിര്‍മാര്‍ഗ് എസിപിയാണ് കസ്റ്റഡിയില്‍ വിട്ടത്. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതിനെ തുടര്‍ന്ന് വിഷ്ണുഗുപ്തയെ തിഹാര്‍ ജയിലിലേക്ക് മാറ്റി.
ഇതിനിടെ കേരള ഹൗസിലെ ബീഫ് വിവാദത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വീണ്ടും കത്തയച്ചു. നിയമനടപടിയെടുക്കാന്‍ കേരളത്തിന് അധികാരമുണ്ടെന്നു മുഖ്യമന്ത്രി കത്തില്‍ വ്യക്തമാക്കി. ഇറച്ചി വില്‍പ്പന പരിശോധിക്കാന്‍ പൊലീസിന് അധികാരമില്ല. ഡല്‍ഹിയിലെ നിയമപ്രകാരം വെറ്ററിനറി ഉദ്യോഗസ്ഥര്‍ക്കാണ് അധികാരമെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
പൊലീസിന്റേത് നിയമവിരുദ്ധവും ശിക്ഷാര്‍ഹവുമാണ്. ഇന്ത്യന്‍ നിയമത്തിന്റെ 156, 353 വകുപ്പുകളനുസരിച്ച് പൊലീസിനെതിരെ നടപടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ടെന്ന് നിയമോപദേശം ലഭിച്ചിട്ടുണ്ട്. പൊലീസിനെതിരെ നടപടിയെടുത്തില്ലെങ്കില്‍ സംസ്ഥാനത്തിന്റെ അധികാരമുപയോഗിച്ച് നടപടിയെടുക്കുമെന്നും കത്തില്‍ മുഖ്യമന്ത്രി മുന്നറിയിപ്പു നല്കുന്നു.
Discussion about this post