തിരുപ്പതി: ഭരണകക്ഷിയായ വൈഎസ്ആർ കോൺഗ്രസ് പാർട്ടിക്കെതിരെ ഫോൺ ചോർത്തൽ ആരോപണവുമായി പാർട്ടിയിലെ തന്നെ എംഎൽഎമാർ. വെങ്കടഗിരിയിലെ എംഎൽഎമാരായ അനം രാമനാരായണ റെഡ്ഡിയും നെല്ലൂർ റൂറലിൽ നിന്നുള്ള കോട്ടംറെഡ്ഡി ശ്രീധർ റെഡ്ഡിയുമാണ് സർക്കാരിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. തങ്ങളുടെ ഫോൺ സംഭാഷണങ്ങൾ സർക്കാർ ചോർത്തുന്നുണ്ടെന്നും, നിരീക്ഷണത്തിലാക്കിയെന്നുമാണ് ഇരുവരും ആരോപിക്കുന്നത്.
പാർട്ടിയിൽ നിന്ന് രാജി വയ്ക്കുമെന്ന സൂചനയും ശ്രീധർ റെഡ്ഡി നൽകിയിട്ടുണ്ട്. രണ്ട് പേരുടേയും പേഴ്‌സണൽ അസിസ്റ്റന്റുമാരുടെ ഫോൺ സംഭാഷണങ്ങൾ ചോർത്തുന്നുണ്ടെന്ന് അനം രാംനാരായണ റെഡ്ഡി നേരത്തെ ആരോപിച്ചിരുന്നു. വൈഎസ്ആർസിപി ഓഫീസിൽ വച്ച് തന്നെയാണ് ഇരുവരും പാർട്ടിക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചത്. ഫോൺ ചോർത്തുന്നുണ്ടെന്ന കാര്യം സ്ഥിരീകരിച്ചതിന് ശേഷമാണ് ഇക്കാര്യം മാദ്ധ്യമങ്ങളോട് പറയുന്നതെന്ന് കോട്ടംറെഡ്ഡി ശ്രീധർ റെഡ്ഡി പറഞ്ഞു. തന്നെ വിശ്വാസമില്ലാത്ത പാർട്ടിയിൽ തുടരാൻ താത്പര്യമില്ലെന്നും ശ്രീധർ റെഡ്ഡി കൂട്ടിച്ചേർത്തു.
” മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇത്തരത്തിൽ ഫോൺ ചോർത്തൽ ആരംഭിച്ചത്. ജഗന്റെ ഉത്തരവോ അനുമതിയോ ഇല്ലാതെ ഇത് ഒരിക്കലും സാധിക്കില്ല. നാല് മുൻപ് ഒരു ഐപിഎസ് ഉദ്യോഗസ്ഥൻ വഴിയാണ് ഫോൺ ചോർത്തലിനെ കുറിച്ച് അറിയുന്നത്. 20 ദിവസം മുൻപ് കൃത്യമായ തെളിവുകൾ ലഭിക്കുന്നത് വരെ ഇക്കാര്യങ്ങളൊന്നും വിശ്വസിച്ചിരുന്നില്ല. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും അന്വേഷണ ഏജൻസികൾക്കും ഇക്കാര്യം ഉന്നയിച്ച് കത്ത് നൽകും.
എന്റെ ഫോൺ ചോർന്ന വാർത്ത പുറത്ത് വന്നതിന് പിന്നാലെ അഞ്ച് എംപിമാരും രണ്ട് മന്ത്രിമാരും 30ലധികം എംഎൽഎമാരും അവരുടെ ഫോൺ സംഭാഷണങ്ങളും ചോർന്നതായി വെളിപ്പെടുത്തി. വൈഎസ്ആർ കുടുംബത്തിന്റെ വിശ്വസ്തനായി നിന്നിട്ടും തന്നോട് ഇങ്ങനെ ചെയ്യാൻ പാടില്ലായിരുന്നവെന്നും” കോട്ടം റെഡ്ഡി പറയുന്നു. സമാനമായ ആരോപണമാണ് അനം രാമനാരായണ റെഡ്ഡിയും സർക്കാരിനെതിരെ ഉന്നയിച്ചത്. ഫോൺ ചോർത്തുന്ന കാര്യം അറിഞ്ഞതോടെ വാട്‌സ്ആപ്പ് വഴിയാണ് കുടുംബവുമായി ബന്ധപ്പെടുന്നതെന്ന് അനം രാമനാരായണ റെഡ്ഡി പറയുന്നു.
എന്നാൽ പാർട്ടിയിൽ നിന്ന് ഉടൻ രാജി വയ്ക്കില്ലെന്നും കാലാവധി കഴിയുന്നത് വരെ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ആരോപണങ്ങൾ ഉന്നയിച്ചതിന് പിന്നാലെ അനം രാമനാരായണ റെഡ്ഡിയുടെ സുരക്ഷ സർക്കാർ വെട്ടിക്കുറച്ചിട്ടുണ്ട്. ഈ മാസം ആദ്യം അനം രാമനാരായണ റെഡ്ഡിയെ വെങ്കിടഗിരി മണ്ഡലത്തിന്റെ പാർട്ടി ചുമതലയിൽ നിന്ന് നീക്കിയിരുന്നു. വൈഎസ്ആർസിപിയുടെ കാലത്ത് തന്റെ മണ്ഡലത്തിൽ ഒരു വികസന പ്രവർത്തനവും നടത്തിയിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു.










