തലഹസ്സി: ഫ്‌ളോറിഡയിൽ പെരുമ്പാമ്പിന്റെ തല കടിച്ച് ദൂരെയിറിഞ്ഞ് യുവാവ്. ഭാര്യയുമായുള്ള വഴക്കിനിടെയായിരുന്നു സംഭവം. 32കാരനായ കെവിൻ മയോർഗയാണ് പാമ്പിന്റെ തല കടിച്ചെടുത്തത്. സംഭവത്തിൽ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.
ഫോറിഡയുടെ തെക്ക് കിഴക്കൻ മേഖലയിലെ ഒരു വീട്ടിൽ ഭാര്യയും ഭർത്താവും തമ്മിൽ വഴക്കുണ്ടാക്കുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സ്ഥലത്ത് എത്തിയ പോലീസ് കണ്ടത് ദമ്പതികളുടെ രൂക്ഷമായ കലഹമാണ്. ഇതോടെ പോലീസ് പ്രശ്‌നത്തിൽ ഇടപെടാൻ തീരുമാനിച്ചു. വാതിൽ അകത്ത് നിന്നും പൂട്ടിയിട്ട് ആയിരുന്നു ദമ്പതികൾ കലഹിച്ചത്. കതക് തുറക്കാൻ പോലീസ് പലതവണ മയോർഗിനോട് പറഞ്ഞെങ്കിലും ഇയാൾ അതിന് കൂട്ടാക്കിയില്ല. ഇതിനിടെ മയോർഗിന്റെ ഭാര്യ ഉറക്കെ നിലവിളിക്കുകയായിരുന്നു. എന്തോ അപകടം സംഭവിച്ചെന്ന് മനസ്സിലാക്കിയ പോലീസ് വാതിൽ ചവിട്ടിത്തുറന്ന് അകത്ത് കടന്നു. പോലീസുകാരെ കണ്ട മയോർഗ് ഉദ്യോഗസ്ഥരിൽ ഒരാളെ ആക്രമിച്ചു. മറ്റുള്ള ഉദ്യോഗസ്ഥർ ചേർന്ന് വിലങ്ങ് അണിയിക്കാൻ ശ്രമിച്ചെങ്കിലും മയോർഗ് ശക്തമായി പ്രതിരോധിക്കുകയായിരുന്നു. തുടർന്ന് അതിസാഹസികമായി പോലീസുകാർ ഇയാളെ കീഴ്‌പ്പെടുത്തി. അപ്പോഴാണ് ഇയാൾ പാമ്പിനെ കടിച്ചതായി ഭാര്യ വെളിപ്പെടുത്തിയത്.
ഇരുവരും ചേർന്ന് വീട്ടിൽ ഒരു പെരുമ്പാമ്പിനെ വളർത്തിയിരുന്നു. ഭാര്യയുമായുള്ള തർക്കത്തിനിടെ അരിശം പൂണ്ട മയോർഗ് പാമ്പിന്റെ തല കടിച്ച് പറിക്കുകയായിരുന്നു. പാമ്പിന്റെ തലയില്ലാത്ത ശരീരം വാതിലിന് സമീപത്തു നിന്നും കണ്ടെത്തിയതോടെ ഭാര്യ പറഞ്ഞത് സത്യമാണെന്ന് പോലീസിന് ബോദ്ധ്യമായി. ഇതോടെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാൾക്കെതിരെ മൃഗങ്ങളോട് ക്രൂരത കാണിച്ചതിനും, സ്ത്രീകൾക്ക് നേരായ അതിക്രമത്തിനും, ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിനുമാണ് കേസ് എടുത്തത്.
Discussion about this post