മധുര: ഐസ്‌ക്രീമിനുള്ളിൽ നിന്ന് ചത്ത തവളയെ കണ്ടെത്തി. തമിഴ്‌നാട്ടിലെ മധുരയിലാണ് സംഭവം. ഐസ്‌ക്രീം കഴിച്ച് അവശനിലയിലായ മൂന്ന് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജിഗർതണ്ട ഐസ്‌ക്രീമിൽ നിന്നാണ് ചത്ത തവളയെ കിട്ടിയത്.
അൻപ് സെൽവം, ഇദ്ദേഹത്തിന്റെയും സഹോദരന്റേയും കുടുംബങ്ങൾ എന്നിവർക്കാണ് ഐസ്‌ക്രീമിനുള്ളിൽ നിന്ന് തവളയെ കിട്ടിയത്. ക്ഷേത്രത്തിലെ തൈപ്പൂയത്തോടനുബന്ധിച്ചാണ് ഇവർ കുടുംബവുമൊന്നിച്ച് മധുരയിലെത്തുന്നത്. ക്ഷേത്രത്തിന് സമീപത്തുള്ള കടയിൽ നിന്നാണ് എല്ലാവരും ജിഗർതണ്ട ഐസ്‌ക്രീം വാങ്ങിച്ച് കഴിക്കുന്നത്.
മധുരയിൽ ഏറെ പ്രചാരത്തിലുള്ളതും പ്രാദേശികമായി ഉണ്ടാക്കുന്നതുമായ ഒന്നാണ് ജിഗർതണ്ട ഐസ്‌ക്രീം. കഴിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് കുട്ടികളിൽ ഒരാൾക്ക് അതിനുള്ളിൽ നിന്ന് തവളയെ കിട്ടുന്നത്. കൂടെ ഉണ്ടായിരുന്ന മറ്റ് രണ്ട് കുട്ടികളും ഇത് കണ്ട് ഛർദ്ദിക്കാൻ ആരംഭിച്ചു.
മാതാപിതാക്കൾ ഉടൻ തന്നെ ഇവരെ തിരുപരൻകുണ്ട്രത്തിലുള്ള സർക്കാർ ആശുപത്രിയിൽ എത്തിച്ചു. വയറിനുളള അസ്വസ്ഥകൾ ഒഴിച്ചാൽ കുട്ടികൾക്ക് മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾ ഒന്നുമില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു.









