ലക്‌നൗ; ഹിന്ദുയുവാവിനെ വിവാഹം കഴിച്ചതിന്റെ പേരിൽ സ്വന്തം കുടുംബം ഭീഷണിപ്പെടുത്തുന്നതായി യുവതിയുടെ പരാതി. ഉത്തർപ്രദേശിലെ ബറേലിയിലാണ് സംഭവം. സച്ചിൻ ശർമ്മയെന്ന തന്റെ കാമുകനെ വിവാഹം കഴിച്ച് സനാധന ധർമ്മം സ്വീകരിച്ച ജ്യോതി എന്ന ജീനത്തിനാണ് ഈ ദുരവസ്ഥ.
സച്ചിനുമായുള്ള വിവാഹം കഴിഞ്ഞതിന് പിന്നാലെ ജ്യോതിയെ അവളുടെ കുടുംബം തട്ടിക്കൊണ്ടു പോവുകയായിരുന്നു. വീട്ടുതടങ്കലിൽ പാർപ്പിച്ച് തന്നെ കുടുംബം ഭീഷണിപ്പെടുത്തുകയാണെന്ന് ജ്യോതി ആരോപിക്കുന്നു. ഭർത്താവിനെതിരെ കള്ളക്കേസ് കൊടുത്തെന്നും മറ്റൊരാളെ നിക്കാഹ് കഴിച്ച് തിരിച്ച് മുസ്ലീം മതത്തിലേക്ക് മാറണമെന്നും കുടുംബം ഭീഷണിപ്പെടുത്തുന്നതായി യുവതി പറഞ്ഞു.
വീഡിയോയിലൂടെയാണ് യുവതി സ്വന്തം കുടുംബത്തിനെതിരെ രംഗത്തെത്തിയത്. വീഡിയോ ശ്രദ്ധയിൽപ്പെട്ട സന്നദ്ധ സംഘടനകൾ, പ്രശ്‌നത്തിൽ ഇടപെടുകയും പോലീസിൽ പരാതി നൽകുകയും ചെയ്തു. ഇതോടെ പോലീസെത്തി യുവതിയെ വീട്ടുതടങ്കലിൽ നിന്ന് മോചിപ്പിക്കുകയായിരുന്നു.








