ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വിചിത്രവും അവിശ്വസനീയവുമായ സംഭവങ്ങളിലൊന്നാണ് 1990 ഫെബ്രുവരി 20-ന് വെല്ലിംഗ്ടണും കാന്റർബറിയും തമ്മിൽ നടന്ന ഫസ്റ്റ് ക്ലാസ് മത്സരത്തിൽ ബെർട്ട് വാൻസ് എറിഞ്ഞ 77 റൺസ് വഴങ്ങിയ ആ ചരിത്രപ്രസിദ്ധമായ ഓവർ. ഷെൽ ട്രോഫി ചാമ്പ്യൻഷിപ്പ് കിരീടം നേടാൻ വെല്ലിംഗ്ടണിന് ഈ മത്സരത്തിൽ വിജയം അത്യന്താപേക്ഷിതമായിരുന്നു. അവർ കാന്റർബറിക്ക് മുന്നിൽ 59 ഓവറിൽ 291 റൺസ് വിജയലക്ഷ്യം മുന്നോട്ടുവെച്ചു. എന്നാൽ കളി അവസാനിക്കാൻ രണ്ട് ഓവർ മാത്രം ശേഷിക്കെ, കാന്റർബറി ടീം 8 വിക്കറ്റിന് 196 റൺസ് എന്ന നിലയിലായിരുന്നു.
വിജയത്തിലേക്ക് ഇനിയും 95 റൺസ് കൂടി ആവശ്യമുണ്ടായിരുന്നതിനാൽ അവർ സമനില ലക്ഷ്യമാക്കി പ്രതിരോധിച്ചു കളിക്കുകയായിരുന്നു. മത്സരം സമനിലയിൽ കലാശിക്കുന്നത് ഒഴിവാക്കാനും, എതിർ ടീമിനെ റൺസ് നേടാൻ പ്രേരിപ്പിച്ച് അവസാന രണ്ട് വിക്കറ്റുകൾ കൂടി വീഴ്ത്താനും വെല്ലിംഗ്ടൺ കോച്ച് ജോൺ മോറിസണും ക്യാപ്റ്റൻ എർവ് മക്‌സ്വീനിയും ചേർന്ന് ഒരു തന്ത്രപരമായ ചൂതാട്ടത്തിന് മുതിർന്നു. എതിർ ടീം ബാറ്റ്സ്മാൻമാർക്ക് റൺസ് വാരിക്കോരി നൽകി അവരെ വലിയ അടികൾക്ക് പ്രേരിപ്പിക്കുക എന്നതായിരുന്നു പദ്ധതി.
ഈ ദൗത്യത്തിനായി ക്യാപ്റ്റൻ പന്തു നൽകിയത് ഫ്രണ്ട്‌ലൈൻ ബാറ്റ്‌സ്മാനും വളരെ അപൂർവ്വമായി മാത്രം പന്തെറിഞ്ഞിട്ടുള്ളവനുമായ ബെർട്ട് വാൻസിനായിരുന്നു. പിച്ചിലൂടെ നടന്നെത്തിയ വാൻസ്, ബോളിംഗ് ക്രീസ് വലിയൊരു മാർജിനിൽ ലംഘിച്ചുകൊണ്ട് ഉയർന്ന ഫുൾടോസുകൾ മനപ്പൂർവ്വം എറിയാൻ തുടങ്ങി. അക്കാലത്തെ നിയമപ്രകാരം ക്രീസ് തെറ്റിച്ച് എറിയുന്ന പന്തുകൾ നോ-ബോൾ ആയി വിളിക്കുകയും, ബാറ്റിംഗ് ടീമിന് ഒരു എക്സ്ട്രാ റൺ ലഭിക്കുകയും, ആ പന്ത് വീണ്ടും എറിയേണ്ടി വരികയും ചെയ്യും. ഈ അവസരം കാന്റർബറി ബാറ്റ്‌സ്മാൻ ലീ ഗെർമോൺ മികച്ച രീതിയിൽ മുതലെടുത്തു.
അങ്ങനെ ആ ഓവർ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഓവറായി മാറി. വാൻസ് തുടർച്ചയായി ക്രീസ് തെറ്റിച്ച് എറിഞ്ഞതുകാരണം ആദ്യത്തെ ലീഗൽ പന്ത് എറിയുന്നതിന് മുമ്പ് തന്നെ 17 നോ-ബോളുകൾ പിറന്നു. ആകെ 22 പന്തുകളാണ് ആ ഒറ്റ ഓവറിൽ എറിഞ്ഞത്. ആ സീക്വൻസ് പ്രകാരം 0, 4, 4, 4, 6, 6, 4, 6, 1, 4, 1, 0, 6, 6, 6, 6, 6, 0, 0, 4, 0, 1 എന്നിങ്ങനെയാണ് റൺസ് പിറന്നത്.
പ്രധാന സ്ട്രൈക്കറായ ലീ ഗെർമോൺ ഈ ഓവറിൽ മാത്രം 70 റൺസ് അടിച്ചുകൂട്ടി. അഞ്ച് ബൗണ്ടറികളും എട്ട് കൂറ്റൻ സിക്സറുകളുമാണ് അദ്ദേഹം നേടിയത്. അദ്ദേഹത്തിന്റെ പങ്കാളിയായ റോജർ ഫോർഡ് (Roger Ford) 5 റൺസ് നേടി. ബാക്കി 2 റൺസ് നോ-ബോൾ എക്സ്ട്രാകളിലൂടെയാണ് ലഭിച്ചത്. ഈ റൺമഴ സ്റ്റേഡിയത്തിലും വലിയ ആശയക്കുഴപ്പമുണ്ടാക്കി. സ്കോർബോർഡ് ഓപ്പറേറ്റർക്ക് റൺസ് വേഗത്തിൽ അപ്ഡേറ്റ് ചെയ്യാൻ സാധിക്കാതെ വന്നു.
കാണികളും കളിക്കാരും ഒഫീഷ്യൽ സ്കോറർമാരും കണക്കുകൾ പൂർണ്ണമായും കൈവിട്ടുപോയി. അമ്പയർമാർക്കും കണക്കുകൂട്ടൽ തെറ്റി. ആകെ ആശയക്കുഴപ്പത്തിനിടയിൽ അഞ്ച് ലീഗൽ പന്തുകൾ മാത്രമായപ്പോൾ ബോളിംഗ് എൻഡിലെ അമ്പയർ ‘ഓവർ’ വിളിച്ചു. എന്നാൽ സ്കോർ കണക്കാക്കുന്നതിനിടയിൽ ആരും ഈ അബദ്ധം ശ്രദ്ധിച്ചില്ല. ഈ തന്ത്രപരമായ നീക്കം ഒടുവിൽ വെല്ലിംഗ്ടണിന് തിരിച്ചടിയായി മാറി. 12 പന്തിൽ 95 റൺസ് വേണ്ടിയിരുന്നിടത്തുനിന്ന് കാന്റർബറി വിജയത്തിന് വെറും 18 റൺസ് അകലെ എത്തി. സ്കോർബോർഡ് തകരാറിലായതിനാൽ ഇരുടീമുകൾക്കും കൃത്യമായ സ്കോർ അറിയില്ലായിരുന്നു.
തുടർന്ന് വെല്ലിംഗ്ടണിന്റെ സ്പിന്നറായ ഇവൻ ഗ്രേയാണ് അവസാന ഓവർ എറിഞ്ഞത്, ആദ്യ അഞ്ച് പന്തുകളിൽ നിന്ന് കാന്റർബറി 17 റൺസ് എടുത്തു. എന്നാൽ അവസാന പന്തിൽ ഇവൻ മികച്ച രീതിയിൽ എറിഞ്ഞതോടെ മത്സരം ടൈയായി. അതായത് തൊട്ടുമുമ്പത്തെ ഓവറിലെടുത്ത ചൂതാട്ടം ടീമിന് പണിയാകാതെ പോയത് ഭാഗം കൊണ്ട് മാത്രമാണ്. എങ്കിലും മറ്റ് മത്സരങ്ങളിലെ ഫലങ്ങൾ അനുകൂലമായതിനാൽ ഈ വലിയ അബദ്ധത്തിന് ശേഷവും ആ വർഷത്തെ ഷെൽ ട്രോഫി ചാമ്പ്യൻഷിപ്പ് കിരീടം നേടാൻ വെല്ലിംഗ്ടണിന് സാധിച്ചു.












