കെ.വി.എസ് ഹരിദാസ്
ശുപാര്‍ശയുമായി ജീവിച്ചിരുന്നവര്‍ക്ക് ഇന്നിപ്പോള്‍ അതും സാധ്യമല്ലാതായി; അവര്‍ക്കെല്ലാം ജീവിതം തന്നെ വഴിമുട്ടുന്ന അവസ്ഥയാണ് വന്നുചേര്‍ന്നത്. അക്കൂട്ടത്തില്‍ കുറെ മാധ്യമസുഹ്രുത്തുക്കളുമുണ്ട് എന്നത് ആര്‍ക്കാണ് അറിയാത്തത്. പിന്നെ ഇടയ്ക്കിടെ വിദേശയാത്ര തരപ്പെട്ടിരുന്നവരുണ്ട്. അതിനും വഴിയടഞ്ഞു. മാധ്യമങ്ങള്‍ എതിരാവാന്‍ വേറെന്തുവേണം. അതാണ് ഇന്നിപ്പോള്‍ കാണുന്നത്
സോണിയ ഗാന്ധിയും മകനും കുറച്ചു കോണ്‍ഗ്രസുകാരും രാഷ്ട്രപതി ഭവനിലേക്ക് നടത്തിയ മാര്‍ച്ച് ‘അസഹിഷ്ണുത ‘ ക്കെതിരെയായിരുന്നു. നരേന്ദ്ര മോഡി സര്‍ക്കാര്‍ അധികാരത്തിലേറിയതുമുതല്‍
സഹിഷ്ണുത നശിച്ചത് ആര്‍ക്കാണ് എന്ന് നല്ല ബോധ്യമുള്ള ഇന്ത്യന്‍ ജനതയ്ക്ക് അതൊക്കെ വലിയ പ്രശ്നമാവില്ല എന്നതറിയാം.ജനങ്ങള്‍ തിരഞ്ഞെടുപ്പില്‍ നിരാകരിച്ചവര്‍ ഇന്നിപ്പോള്‍ രാഷ്ട്രീയമായി
പിടിച്ചുനില്ക്കാന് എന്തും ചെയ്യാം എന്ന സ്ഥിതിയില്‍ എത്തിയിരിക്കുന്നു. വന്‍ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ നരേന്ദ്ര മോഡി സര്‍ക്കാരിനെ തകര്‍ക്കാന്‍ എന്ത് കള്ളത്തരവുമാവാം എന്ന് കരുതുന്നവരോട് വേദമോതിയിട്ട്കാര്യമില്ലല്ലോ. അതാണ് പലവിധത്തില്‍ ഇതിനിടയില്‍ നാമൊക്കെ കണ്ടത്. ഏറ്റവുമൊടുവില്‍ ഇപ്പോള്‍ നിവേദനവുമായി രാഷ്ട്രപതിക്ക് മുന്നിലേക്ക്.കഴിഞ്ഞദിവസം സോണിയ രാഷ്ട്രപതി ഭവനിലെത്തിയിരുന്നു. അപ്പോള്‍ എന്തുകൊണ്ടാണ് നിവേദനം നല്‍കാതിരുന്നത്?. പിന്നെ സഹപ്രവര്‍ത്തകരുമായി മാര്‍ച്ച് നടത്തിയെത്തിയാലേ അത് കൈപ്പറ്റൂ എന്ന് പ്രണാബ് മുഖര്‍ജി പറഞ്ഞുവൊ?. വെറും രാഷ്ട്രീയ കച്ചവടമാണ് ഇതെല്ലാമെന്ന് ആര്‍ക്കാണ് അറിയാത്തത്?. അതിനു ഇത്ര പെട്ടെന്ന് സോണിയയെ പ്രേരിപ്പിച്ചത് മരുമകന്റെ അധീനതയിലുള്ള ഭൂമി വാങ്ങിയ സ്ഥാപനത്തില്‍ നടന്ന റെയ്ഡ് ആണത്രേ. അതറിഞ്ഞ ശേഷമാണത്രേ അവര്‍ ആദ്യം പ്രണാബ് ദായെ കാണാന്‍ ചെന്നത് എന്ന് രാഷ്ട്രീയവൃത്തങ്ങളില്‍ കേള്‍ക്കുന്നുണ്ട്. അതൊക്കെ ശരിയാകാനുള്ള സാധ്യത കൂടുതലാണ് താനും.
ഇത് ഒരു വലിയ ആസൂത്രിത പദ്ധതിയാണ്. ആദ്യം ഇത്തരത്തിലൊന്ന് നാമൊക്കെകണ്ടത് ദല്‍ഹി തിരഞ്ഞെടുപ്പ് വേളയിലാണ്. മുന്‍പൊരിക്കല്‍ ഞാനത് ഒരു ലേഖനത്തില്‍ സൂചിപ്പിച്ചിരുന്നു. ദല്‍ഹി തിരഞ്ഞെടുപ്പിന് തൊട്ടുമുന്പായിഅവിടത്തെ കുറെ ക്രൈസ്തവ ദേവാലയങ്ങളിലും സ്ഥാപനങ്ങളിലും ആക്രമണം നടന്നത് ഓര്‍ക്കുക. ശരിയാണ്,അതൊക്കെ ഭീതിയുണ്ടാക്കുന്നതാണ്. പക്ഷെ അത് പലപ്പോഴും വേണ്ടതിലധികം കൊട്ടിഘോഷിക്കപ്പെട്ടു. മത നേതാക്കളും കോണ്‍ഗ്രസുമൊക്കെ അതിനെ രാഷ്ട്രീയമായി ഉപയോഗിച്ചു. ദല്‍ഹി പോലീസ് പക്ഷെ, വേണ്ടതൊന്നും ചെയ്തില്ല. ഈ ദേവാലയങ്ങളില്‍ ഒരു സിസിടിവി വെക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നുവെങ്കില്‍ പലരും കുടുങ്ങുമായിരുന്നു. ഇന്നത്തെ നിലക്ക് അതൊക്കെ അത്ര ചിലവേറിയ കാര്യമൊന്നുമല്ലതാനും. പക്ഷെ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ പ്രതികളെ പിടികൂടിയില്ല. അവസാനം അതൊക്കെ വെറും മോഷണമാണ് എന്ന് കണ്ടെത്തി. അവിടെ പക്ഷെ തോറ്റത് ബിജെപിയാണ്, നരേന്ദ്ര മോഡിയാണ്. കേന്ദ്ര
ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ദല്‍ഹി പോലീസാണ് ആ തോല്‍വിക്ക് വലിയ പങ്കുവഹിച്ചത് എന്ന് പറയാമെന്നാണ് തോന്നുന്നത്. ദല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് മാസങ്ങളെത്രയായി. പിന്നീട് അവിടെ അത്തരം സംഭവങ്ങള്‍ നടന്നതായി കേട്ടിട്ടുണ്ടോ; ഇല്ല, സംശയമില്ല. കള്ളന്മാര് മുഴുവന്‍ ആ ജോലി നിര്‍ത്തിയതുകൊണ്ടാണ് അതാവര്ത്തിക്കാത്തത് എന്ന് നാമൊക്കെ കരുതണോ; അതോ ആ പള്ളി സംഭവങ്ങള്‍ക്കു പിന്നില്‍ മറ്റെന്തോ ലക്ഷ്യമുണ്ടായിരുന്നു എന്ന് സംശയിക്കണോ?. ഇത് ബിജെപി മനസിലാക്കേണ്ട പാഠമാണ്, അല്ലെങ്കില്‍ അവര്‍ അതൊക്കെ തിരിച്ചറിയേണ്ടതായിരുന്നു.
കാര്യങ്ങള്‍ പഴയതുപോലെ ആവര്‍ത്തിച്ചു എന്നതാണ് ബീഹാര്‍ തിരഞ്ഞെടുപ്പുവേളയില്‍ കണ്ടത്. ഒരു ഭാഗത്ത് പട്ടികജാതിക്കാര്‍ക്ക് രക്ഷയില്ല എന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമം. ഫരീദാബാദ് സംഭവം അതിനുദാഹരണമാണ് . അവിടെ രണ്ടു കുട്ടികള്‍ പൊള്ളലേറ്റ് മരിക്കുന്നു. അതിനു പിന്നില്‍ ജതീയതയാണ് എന്ന പ്രചാരണം. അതാവട്ടെ ഇന്ത്യ അടുത്തെങ്ങും കാണാത്തവിധത്തിലുള്ള പ്രചാരണ പദ്ധതി.
പിന്നീട് ഫോറന്‍സിക് റിപ്പോര്‍ട്ട് വരികയും തീ പടര്‍ന്നത് വീടിനുള്ളില്‍ നിന്നാണ് എന്ന് വ്യക്തമാവുകയും ചെയ്തപ്പോള്‍ ബിജെപി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാന്‍ മത്സരിച്ചവര്‍ കണ്ടതായിപ്പോലും നടിച്ചില്ല. യുപിയിലെ ബീഫ് പ്രശ്നവും പ്രസ്ഥാനത്തെയും സര്‍ക്കാരിനെയും പ്രതിക്കൂട്ടിലാക്കാനുള്ള ശ്രമമായിരുന്നു. അവിടെയും പ്രകമ്പനം കൊള്ളിക്കുന്ന പ്രചാരണമാണ് നടന്നത്. യുപി ഭരിക്കുന്നത് ബിജെപിയല്ല എന്നറിഞ്ഞുകൊണ്ടുതന്നെയാണ് അതൊക്കെ ചെയ്തത്. പറഞ്ഞുവന്നത് അതിനൊക്കെ പിന്നില്‍ ഒരു രാഷ്ട്രീയ അജണ്ടയുണ്ട് എന്നാണ്. ദല്‍ഹിയില്‍ പള്ളികളില്‍ കൈവെച്ചാലാണ് ഗുണമെന്നു തിരിച്ചറിഞ്ഞവര്‍ക്ക് ബീഹാറില്‍ ലക്ഷ്യമിടെണ്ടത് പട്ടികജാതി മുസ്ലീം വിഭാഗമാണ് എന്നറിയാം. അതാണ് ഇപ്പോള്‍ നടന്നത്. അതിനേയും വേണ്ടവിധം നേരിടാനും പ്രതിരോധിക്കാനും ബിജെപിക്കോ കേന്ദ്ര സര്‍ക്കാരിനോ കഴിഞ്ഞോ എന്നത് പഠനവിധേയമാക്കേണ്ട കാര്യമാണ്.
രാജ്യത്തിന്റെ വികസനം ലക്ഷ്യമാക്കിയുള്ള പദ്ധതികളാണ് മോഡി സര്‍ക്കാര്‍ ആദ്യം മുതലേ ആസൂത്രണം ചെയ്തത്. ‘മേക്ക് ഇന്‍ ഇന്ത്യ’ പദ്ധതിയും മറ്റും അതിന്റെ ഭാഗമായിരുന്നുവല്ലോ. സാമ്പത്തിക മേഖലയിലും മറ്റുമുണ്ടായ ഉണര്‍വ് ചെറുതല്ല. ജിഎസ് ടി ബില്ലുള്‍പ്പടെയുള്ള നവോത്ഥാന പദ്ധതികള്‍ക്കെല്ലാം തുരങ്കം വെച്ചിട്ടും ഇന്ത്യയുടെ ബ്രാന്‍ഡ് വാല്യൂ 32 ശതമാനം കണ്ടാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മുന്നേറിയത്. അമേരിക്ക മുന്നേറിയത് വെറും രണ്ടു ശതമാനമാണ് എന്നതും കാണണം. ചൈന, ജര്‍മ്മനി, കാനഡ എന്നീ രാജ്യങ്ങള്‍ക്ക് ഇത്തവണ ഒരു മുന്നേറ്റവും നടത്താനായില്ല. ബ്രിട്ടണ് ആറും ഫ്രാന്‍സ് നാലും ജപ്പാന് മൂന്നും ശതമാനംകണ്ട് വളര്‍ന്നതും ലോകം കണ്ടു. ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനത്തിലും ( ജിഡിപി) വലിയ മുന്നേറ്റം സാധ്യമായി. ശുചിത്വഭാരതം പദ്ധതിയും മറ്റുമുണ്ടാക്കിയ ചലനങ്ങള്‍ ചില്ലറയല്ല. പതിനായിരക്കണക്കിനു വിദ്യാലയങ്ങളില്‍ ശൌചാലയങ്ങള്‍ ഉണ്ടാവാന്‍ മോഡി ഭരണകൂടം വരേണ്ടി വന്നു എന്നത് ഇന്ന് രാജ്യം ശരിവെക്കുന്നുണ്ടല്ലോ. അതുപോലെ നേട്ടങ്ങളുടെ എത്രയോ കഥകള്‍.
പിന്നെയെന്താണ് ഇപ്പോള്‍ ചിലരുടെ പ്രശ്നം?. വിഷമം കോണ്‍ഗ്രസുകാര്‍ക്കുണ്ട്, ഇടതു പാര്‍ട്ടികള്‍ക്കുണ്ട്, ചില മാധ്യമ സുഹൃത്തുക്കള്‍ക്കുണ്ട്, മാധ്യമ സ്ഥാപനങ്ങള്‍ക്കുണ്ട് ……….. ശുപാര്‍ശയും പരസ്പര സഹായവുമായി തലസ്ഥാനത്ത് കഴിഞ്ഞുകൂടിയിരുന്ന മാധ്യമ പ്രമുഖന്മാര് അനവധിയുണ്ട് എന്നത് ആര്‍ക്കാണ് അറിയാത്തത്. ഇന്നവര്ക്കൊന്നും ഒന്നും ചെയ്യാനാവുന്നില്ല. എല്ലാം നേരായപാതയിലൂടെ എന്നതാണ് മോഡിയുടെ മന്ത്രം. ശുപാര്‍ശ ചെയ്യണമെങ്കില്‍ അതും പ്രോപ്പര്‍ ചാനലിലൂടെ വേണം. അതുകൊണ്ട് ഒന്നും വഴിവിട്ടു നടത്തിയെടുക്കാന്‍ അവര്‍ക്കാവുന്നില്ല. ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞുവത്രേ: ‘ആര് ഭരിച്ചാലും സെക്രട്ടറിമാര്‍ മുഖാന്തിരം പലര്‍ക്കും പലതും ചെയ്തുകൊടുക്കാന്‍ കഴിഞ്ഞിരുന്നു’. ശുപാര്‍ശയുമായി ജീവിച്ചിരുന്നവര്‍ക്ക്
ഇന്നിപ്പോള്‍ അതും സാധ്യമല്ലാതായി; അവര്‍ക്കെല്ലാം ജീവിതം തന്നെ വഴിമുട്ടുന്ന അവസ്ഥയാണ് വന്നുചേര്‍ന്നത്. അക്കൂട്ടത്തില്‍ കുറെ മാധ്യമസുഹ്രുത്തുക്കളുമുണ്ട് എന്നത് ആര്‍ക്കാണ് അറിയാത്തത്. പിന്നെ ഇടയ്ക്കിടെ വിദേശയാത്ര തരപ്പെട്ടിരുന്നവരുണ്ട്. അതിനും വഴിയടഞ്ഞു. മാധ്യമങ്ങള്‍ എതിരാവാന്‍ വേറെന്തുവേണം. അതാണ് ഇന്നിപ്പോള്‍ കാണുന്നത്.
കുറെ എന്‍ ജിഒകള്‍ വിദേശ ഫണ്ടുമായി ഇന്നാട്ടില് ആഘോഷത്തോടെ ജീവിച്ചിരുന്നു. കിട്ടുന്ന പണത്തിനു കയ്യും കണക്കുമില്ല. ഒരു സേവനവും നടത്താതെ സര്‍ക്കാര്‍ വിരുദ്ധ നീക്കങ്ങളുമായി കഴിഞ്ഞിരുന്നവര്‍. പലര്‍ക്കും അത് വലിയ സമ്പാദ്യങ്ങള്‍ ഉണ്ടാക്കിക്കൊടുത്തു. ഈ സര്‍ക്കാര്‍ വന്നപ്പോള്‍ വിദേശ പണം ലഭിച്ചിരുന്നവരുടെ കണക്കെടുത്തു; അവരെല്ലാം സമര്‍പ്പിച്ച ആദായനികുതിയുടെ കണക്കെടുത്തു. അപ്പോഴാണ് അറിയുന്നത് ഒട്ടനവധിപേര്‍ക്ക് കയ്യും കണക്കുമില്ലെന്ന്. അവരുടെയൊക്കെ ‘കച്ചവടം’ സര്‍ക്കാര്‍ അവസാനിപ്പിച്ചു. അതോടെ അനവധി ‘ബുദ്ധിജീവികള്‍’ വിഷമത്തിലായി. വിദേശപണം കൊണ്ട് അല്ലലില്ലാതെ ജീവിച്ചിരുന്നവരും സമ്പാദിച്ചവരും ഭരണകൂടത്തിനു എതിരായതില്‍ അതിശയമില്ലല്ലൊ. അടുത്തിടെ വിഷമവുമായി രംഗത്തുവന്ന ശാശ്ത്രജ്ഞന് ഡോ. പിഎം ഭാര്‍ഗവ, ഇന്‍ഫോസിസ് ചെയര്മാന് ആയിരുന്ന നാരായണ മൂര്‍ത്തി എന്നിവരൊക്കെ ആ ഗണത്തില്‍ പെടുന്നുണ്ട്. നാരായണമൂര്‍ത്തി ഫോര്‍ഡ് ഫൗണ്ടേഷന്റെ ഡയറക്ടര്‍ ആണ് എന്നതൊര്‍ക്കുക. പിന്നെ അവാര്‍ഡുകള്‍ മടക്കിനല്കിയവര്, വിമര്‍ശനങ്ങള്‍ പതിവായി ഉന്നയിക്കുന്നവര്‍ എന്നിവരുടെയൊക്കെ പിന്നാംപുറങ്ങളിലേക്ക് കടന്നുചെന്നാല്‍ ഇതുപോലെ ചിലതൊക്കെ കാണാന്‍ കഴിയും, തീര്‍ച്ച. ഫെമ ലംഘനം സംബന്ധിച്ച് എന്ഫൊര്സ്മെന്റ് അധികൃതര്‍ കഴിഞ്ഞദിവസമാണ് സിനിമാതാരം ഷാരൂഖ് ഖാന് നോട്ടീസ് അയച്ചത്. ‘രാജ്യത്ത് അസ്വസ്ഥത ഉണ്ടായിരിക്കുന്നു’ എന്ന പരസ്യ പ്രസ്താവനയുമായി അടുത്ത ദിവസം അദ്ദേഹം രംഗത്തിറങ്ങി. വിദേശ ഫണ്ടിംഗ് നിന്നത് അല്ലെങ്കില്‍ നിയന്ത്രിച്ചത്, സഹിക്കാന്‍ കഴിയാത്ത സാഹിത്യകാരന്മാരും പത്രപ്രവര്‍ത്തകരും സാമൂഹ്യ നായകന്മാരും അത്രമാത്രമുണ്ട് എന്നുമാത്രം ഇപ്പോള്‍ മനസിലാക്കുക. കൂടുതല്‍ വിവരങ്ങള്‍ അടുത്തനാളുകളില്‍ വെളിച്ചം കാണുക തന്നെചെയ്യും; കാത്തിരിക്കുക.
സോണിയ എന്തിനാണ് ഇത്ര വിഷമിക്കുന്നത് എന്നതും പരിശോധിക്കണമല്ലോ. ഒന്ന്, കോണ്‍ഗ്രസിന്റെ പണസഞ്ചി കാലിയായി എന്നതാണ്. പണമുണ്ട്; പക്ഷെ പുറത്തുകാണിക്കാന്‍ വയ്യ എന്നതാണ് സ്ഥിതിയെന്നു കോണ്‍ഗ്രസുകാര്‍ അടക്കം പറയുന്നത്രേ. വിദേശ അക്കൌണ്ടുകള്‍ പലര്‍ക്കും തലവേദനയായതും മറന്നുകൂടാ. അതിനൊക്കെ പുറമെയാണ് മരുമകന് റോബര്‍ട്ട് വാദ്രക്കെതിരായ അന്വേഷണങ്ങള്‍. ആരോരും പ്രതീക്ഷിക്കാതെയാണ് അയാളുടെ ഉടമസ്ഥതയിലുള്ള കുറെയേറെ ഭൂമി വിലക്കുവാങ്ങിയ ‘ അലെജനി ഫിന്‍ലീസ്’ എന്ന ധനകാര്യ സ്ഥാപനത്തില്‍ എന്‍ഫോഴ്സ്മെന്റ് അധികൃതരുടെ റെയ്ഡ് നടന്നത്. അതോടെ സോണിയ പരിവാര്‍ ഞെട്ടിത്തരിച്ചുപോയി എന്നാണു ചിലര്‍ പറഞ്ഞുകേട്ടത്. ആ ഇടപാടിന്റെ, സമ്പത്തിന്റെ, ചരിത്രം മുഴുവന്‍ വെളിച്ചംകണ്ടാല്‍ പലര്‍ക്കും ഇന്ത്യയില്‍ പിന്നീട് കഴിഞ്ഞുകൂടാന്‍ കഴിയില്ലത്രെ. പലരുടെയും പണം അവിടെയുണ്ടായിരുന്നുവെന്നും അതിന്റെയൊക്കെ വിവരങ്ങള്‍ റെയ്ഡില്‍ പിടികൂടി എന്നും കേള്‍ക്കുന്നു. അതുമാത്രമല്ല പ്രശ്നം. ‘നാഷണല്‍ ഹെറാള്‍ഡ’ കേസില്‍ എന്‍ഫോഴ്സ്മെന്റ് അധികൃതര്‍ പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് കണ്ടെത്തിക്കഴിഞ്ഞു. അവിടെ ഉള്‍പ്പെട്ടത് കോടികളാണ്; മാത്രമല്ല അതില്‍ സോണിയ, രാഹുല്‍ എന്നിവരെല്ലാം ഉള്‍പ്പെട്ടിട്ടുമുണ്ട്. പഴുതടച്ചുള്ള നീക്കമാണത്രെ അക്കാര്യത്തില്‍ നടക്കുന്നത്. സോണിയ്ക്ക് ഉറക്കം നഷ്ടമായാല്‍ അതിശയിക്കാനില്ലല്ലോ.
പി ചിദംബരം ഉള്‍പ്പെട്ട വാസന് കണ്ണാശുപത്രി കേസാണ് മറ്റൊന്ന്. അതില്‍ ചിദംബരവും മകനുമുണ്ട്. മകന് നേരത്തെ ആംബുലന്‍സ് കേസില്‍ വയലാര്‍ രവിയുടെ മകനൊപ്പം കുടുങ്ങിയതും നാം കേട്ടതാണ്. കോണ്‍ഗ്രസ് വക്താവ് മനു അഭിഷേക് സിംഗ്വി ഉള്‍പ്പെട്ട ആദായ നികുതി കേസിന്റെകാര്യം വേറെ. അതുപോലെ കോണ്‍ഗ്രസുകാര്‍ ഭരണത്തിന്റെ തണലില്‍ നടത്തിയ ‘വിശേഷാല്‍ കാര്യങ്ങളൊക്കെ’ സുഖമായി അന്വേഷിച്ചുവരുന്നു. ഉത്തരേന്ത്യയില്‍ ജീവിക്കാന്‍ കഴിയാത്ത സ്ഥിതിയാണ് എന്ന് എ കെ ആന്റണി വിളിച്ചുകൂവിയതിനു പിന്നിലെ യഥാര്‍ഥ പ്രശ്നം ഇപ്പോഴാണ് പലര്‍ക്കും ബോധ്യമാവുന്നത് എന്ന് തോന്നുന്നു.
അതിനോക്കെയോപ്പം ചില രാഷ്ട്ര വിരുദ്ധ ശക്തികളും ഇന്നിപ്പോള്‍ ഈ സര്‍ക്കാറിന് എതിരായി നീങ്ങുന്നുണ്ട്. അവരുടെ ആവശ്യവും ഇന്നാട്ടില് ഒരു അസ്ഥിരത ഉണ്ടാക്കുക എന്നതാണ്. അന്താരാഷ്ട്ര സംഘങ്ങള്‍ അക്കൂട്ടത്തിലുണ്ട് എന്ന് കേള്‍ക്കുന്നു. ഇതൊക്കെ ഒന്നിച്ചു വന്നപ്പോള്‍ ( ഒന്നിച്ചു നീങ്ങിയപ്പോള്‍ എന്ന് പറയാമോ എന്നറിയില്ല ) ഈ സര്‍ക്കാരിന് കുറച്ചുവിഷമങ്ങള് ഉണ്ടായി. എന്നാലും ഇത്തരം ശക്തികള്‍ക്കു മുന്നില്‍ അടിയറവു പറയില്ല എന്ന് പ്രഖ്യാപിക്കുന്ന നരേന്ദ്ര മോഡിയോട് ജനങ്ങള്‍ക്ക് ആദരവും സ്നേഹവും കൂടുകയേയുള്ളൂ. അത് വരുന്ന നാളുകളില്‍ ദൃശ്യമാവും
Discussion about this post