11 വയസ്സ് വരെ സംസാരിക്കാൻ സാധിക്കാതിരുന്ന ഒരു കുട്ടിയായിരുന്നു ജേസൺ ആർഡെ. 18 വയസ്സാകുമ്പോഴാണ് അവൻ എഴുതാനും വായിക്കാനും പഠിക്കുന്നത്. പക്ഷേ ഇതൊന്നും ജേസണ് അവന്റെ സ്വപ്‌നം കയ്യെത്തി പിടിക്കാൻ തടസ്സമായില്ല. ഇപ്പോൾ തന്റെ 37ാം വയസ്സിൽ കേംബ്രിഡ്ജ് സർവകലാശാലയിലെ ഏറ്റവും പ്രായം കുറഞ്ഞ കറുത്തവർഗ്ഗക്കാരനായ പ്രൊഫസറായി മാറി ചരിത്രം കുറിക്കാനൊരുങ്ങുകയാണ് ജേസൺ. അടുത്ത മാസം കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ സോഷ്യോളജി വിഭാഗത്തിൽ അദ്ദേഹം പ്രൊഫസറായി സേവനം ആരംഭിക്കും.
ഓട്ടിസം സ്‌പെക്ട്രം ഡിസോർഡർ കണ്ടെത്തിയതിന് പിന്നാലെ ജേസണ് തന്റെ ജീവിതത്തിൽ ധാരാളം വെല്ലുവിളികൾ നേരിടേണ്ടതായി വന്നു. ജീവിതകാലം മുഴുവൻ മറ്റൊരാളുടെ പിന്തുണയോടെ മാത്രമേ ജേസണ് ജീവിക്കാനാകൂ എ്ന്നാണ് ആദ്യകാലത്ത് ഡോക്ടർമാർ പറഞ്ഞത്. എന്നാലിപ്പോൾ അതെല്ലാം തെറ്റാണെന്ന് തന്റെ ജീവിതം കൊണ്ട് തന്നെ ജേസൺ തെളിയിച്ചു. നിലവിൽ കേംബ്രിഡ്ജ് സർവ്വകലാശാലയിൽ കറുത്ത വർഗ്ഗക്കാരായ നാല് പ്രൊഫസർമാരാണുള്ളത്. ഈ പട്ടികയിലെ അഞ്ചാമനായിട്ടാണ് ജേസൺ എത്തുന്നത്.
കേംബ്രിഡ്ജിലോ ഓക്‌സ്‌ഫോർഡിലോ താൻ ഒരു ദിവസമെങ്കിലും ജോലി ചെയ്യും എന്നതായിരുന്നു ജേസന്റെ ജീവിത ലക്ഷ്യം. കിടപ്പുമുറിയിൽ എന്നും കാണത്തക്ക രീതിയിൽ തന്റെ ലക്ഷ്യത്തെ ജേസൺ കുറിച്ചിട്ടു. തെറാപ്പിസ്റ്റുകൾ തന്റെ ജീവിതത്തെ കുറിച്ച് പറഞ്ഞത് തെറ്റാണെന്ന് തെളിയിക്കാനായിരുന്നു ജേസന്റെ ശ്രമം. കഠിനാധ്വാനത്തിലൂടെയാണ് ജേസൺ തന്റെ ഓരോ ലക്ഷ്യങ്ങളും നേടിയത്. ലിവർപൂൾ ജോൺ മൂർസ് സർവകലാശാലയിൽ നിന്നാണ് ജേസൺ പിഎച്ച്ഡി സ്വന്തമാക്കിയത്. 2018ലാണ് ആദ്യ പ്രബന്ധം പ്രസിദ്ധീകരിക്കുന്നത്. കേംബ്രിഡ്ജിൽ എത്തുന്നതിന് മുൻപായി മറ്റ് രണ്ട് സർവ്വകലാശാലകളിലും അദ്ദേഹം ജോലി ചെയ്തിരുന്നു.
Discussion about this post